ആലപ്പുഴ: സ്കൂൾ തുറക്കാൻ കാത്തിരിക്കുകയാണ് കലവൂർ ഗവ.എൽ.പി സ്കൂൾ അധികൃതർ. കാരണം ഇത്തവണ  സ്കൂൾ തുറക്കുമ്പോൾ മറ്റെങ്ങും ഇല്ലാത്ത പ്രത്യേകത സ്കൂളിന് സ്വന്തമാകും. ഈ വർഷം ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ പടി കടന്നെത്തുന്നത് 11 ജോടി ഇരട്ടകളാണ്. കൂടെ ചുക്കാൻ പിടിക്കാൻ ഒരു മൂവര്‍സംഘവും ഉണ്ട്. 9 ജോടി ഇരട്ടകളുണ്ടായിരുന്ന സ്‌കൂളിലേക്ക് ഇത്തവണ 2 ജോടി ഇരട്ടകളും ഒറ്റ പ്രസവത്തിലുണ്ടായ മൂന്നു കുട്ടികളുമാണ് എത്തുന്നത്. ഹൈടെക് ക്ലാസ് മുറികളുള്‍പ്പടെ സൗകര്യങ്ങളുള്ള സ്‌കൂളില്‍ നഴ്‌സറിയിലെ 129 കുട്ടികളുള്‍പ്പെടെ 652 പേരാണുള്ളത്. ഇത്തവണ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത്148 കുട്ടികള്‍.

കാട്ടൂര്‍ കാട്ടറയ്ക്കല്‍ സാംജിയുടെ മക്കളായ പ്രാര്‍ഥന, പൂജ, പുണ്യ എന്നിവരാണ് നഴ്‌സറിയില്‍ പ്രവേശനം നേടിയത്. ഇവരോടൊപ്പം മണ്ണഞ്ചേരി രേവതി വീട്ടില്‍ മഹേഷിന്റെ മക്കളായ റിഷിക്കും ദര്‍ഷിക്കുമുണ്ട്. കലവൂര്‍ കുരുക്കന്‍മാവുങ്കല്‍ അനില്‍കുമാറിന്റെ മക്കള്‍ കാശിനാഥും കാവ്യയും വടക്കനാര്യാട് പന്നിശേരിവെളി സുമേഷിന്റെ മക്കള്‍ ശ്രദ്ധയും ശ്രേയയുമാണ് ഒന്നാം ക്ലാസിലെത്തുന്ന 2 ഇരട്ട ജോടികള്‍. 

കലവൂര്‍ കരോട്ടുവെളി റിജോ തോമസിന്റെ മക്കള്‍ റിസ്‌ന മരിയ, റോസ്‌ന മരിയ, കലവൂര്‍ കുളമാക്കി കോളനിയില്‍ പ്രേംകുമാറിന്റെ മക്കള്‍ അമന്യ, അനന്യ, മണ്ണഞ്ചേറി തെക്കേത്തറ സുരേഷ് കുമാറിന്റെ മക്കള്‍ ഗംഗ, യമുന എന്നിവര്‍ രണ്ടാം ക്ലാസിലെ താരങ്ങള്‍. കലവൂര്‍ ശ്രീനിലയത്തില്‍ സെന്‍മോന്റെ മക്കള്‍ ശ്രീനാഥ്, ശ്രീകാന്ത്, കലവൂര്‍ സന്തോഷ്ഭവനില്‍ അനീഷ്ദാസിന്റെ മക്കള്‍ അഭിറാം ദാസ്, അഭയ് ദാസ്, വടക്കനാര്യാട് പറമ്പിത്തറ വെളി സൈജുമോന്റെ മക്കള്‍ ഹനിക, കനിഹ, മണ്ണഞ്ചേരി കോലോത്തുപറമ്പില്‍ അനില്‍കുമാറിന്റെ മക്കള്‍ ശ്രാവണ്‍, ശ്രേയസ് എന്നിവരാണ് മൂന്നാം ക്ലാസിലെ 4 ജോടി ഇരട്ടകള്‍. കലവൂര്‍ പറപ്പള്ളി ഹൗസില്‍ ജിജിമോന്റെ മക്കള്‍ മേരിയും ജോസഫും നാലിലെ ഇരട്ടകളാണ്.