പ്രളയത്തിൽ വീട്ടിൽ രണ്ടരയടിയിലധികം വെള്ളം ഉയർന്നതോടെ ഭാര്യ അംബികയുമൊത്ത് തൊട്ടടുത്ത് പ്രവർത്തിച്ച കാക്കാഴം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഒരാഴ്ച കഴിഞ്ഞത്. ക്യാമ്പിൽ രജിസ്റ്റർ ചെയ്ത മറ്റെല്ലാവർക്കും പണം ലഭിച്ചു.
അമ്പലപ്പുഴ: പ്രളയം ദുരിതത്തിലാക്കിയ മനോഹരനെ സർക്കാരും കൈവിട്ടു. സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാൻ ഇനി കയറിയിറങ്ങാൻ പടികളില്ലെന്നാണ് മനോഹരൻ പറയുന്നത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കാക്കാഴം സീതു പാറലിൽ മനോഹരനാണ് സർക്കാർ പ്രഖ്യാപിച്ച പ്രളയ ദുരിതാശ്വാസത്തുകയായ പതിനായിരം രൂപ ഇതുവരെ ലഭിക്കാത്തത്.
പ്രളയത്തിൽ വീട്ടിൽ രണ്ടരയടിയിലധികം വെള്ളം ഉയർന്നതോടെ ഭാര്യ അംബികയുമൊത്ത് തൊട്ടടുത്ത് പ്രവർത്തിച്ച കാക്കാഴം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഒരാഴ്ച കഴിഞ്ഞത്. ക്യാമ്പിൽ രജിസ്റ്റർ ചെയ്ത മറ്റെല്ലാവർക്കും പണം ലഭിച്ചു. ധന സഹായം ലഭിക്കാതെ വന്നതോടെ മനോഹരൻ ബിഎൽഒയുടെ പക്കൽ രേഖകളെല്ലാം കൈമാറി.
എന്നിട്ടും തുക ലഭിക്കാതെ വന്നതോടെ വില്ലേജ്, താലൂക്ക്, കളക്ട്രേറ്റ് എന്നിവിടങ്ങളിലൊക്കെ പരാതി നൽകി. പിന്നെയും ഫലമുണ്ടാകാതെ വന്നപ്പോൾ കളക്ട്രേട്രേറ്റിൽ അദാലത്തിലും പരാതി നൽകി. എന്നാൽ ആറ് മാസം പിന്നിട്ടിട്ടും അർഹതപ്പെട്ട തുക ഇതുവരെ മനോഹരന് ലഭിച്ചില്ല. അനർഹർ ഉൾപ്പെടെയുള്ളവർക്ക് ധനസഹായം ലഭിച്ചപ്പോഴാണ് പ്രളയകാലത്ത് ഉള്ളതെല്ലാം ഉപേക്ഷിച്ച് ദുരിതാശ്വാസക്യാമ്പില്‍ കഴിഞ്ഞ ഈ കുടുംബത്തിന് തുക ലഭിക്കാതിരുന്നത്.
