Asianet News MalayalamAsianet News Malayalam

വിഴിഞ്ഞം സമരം; നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം, അതുവരെ പന്തല്‍ പൊളിക്കില്ലെന്ന് ജനകീയ സമരസമിതി

ലത്തീൻ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം പദ്ധതിക്കെതിരെ നടന്ന ആക്രമണത്തിൽ പരിക്ക് പറ്റിയ ആറ് പേർ ജോലിക്ക് പോകാൻ കഴിയാതെ വീടുകളിൽ കഴിയുകയാണ്. ഇവർക്ക് വേണ്ട ധനസഹായം സർക്കാര്‍ നൽകണമെന്നും ജനകീയ സമിതി ആവശ്യപ്പെട്ടു. 

government should be ready to pay the compensation Janakeeya Samara Samiti on vizhinjam port strike
Author
First Published Dec 7, 2022, 2:46 PM IST

വിഴിഞ്ഞം: സര്‍ക്കാരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ലത്തീൻ അതിരൂപത തുറമുഖ വിരുദ്ധ സമരം അവസാനിപ്പിച്ചതിന് പിന്നാലെ പായസ വിതരണം നടത്തിയും പടക്കം പൊട്ടിച്ചും അഹ്ളാദം പങ്ക് വെച്ച് ജനകീയ സമിതി പ്രവർത്തകർ. തങ്ങളുടെ സമരം വിജയിച്ചെന്നും എന്നാൽ ഇന്നലെ നടന്ന സമവായ ചർച്ചകളിൽ ഇനിയും വ്യക്തത വരേണ്ടതുണ്ടെന്നും സമരസമിതി നേതാവ് വെങ്ങാനൂർ ഗോപൻ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമര പന്തൽ പൊളിച്ചു മാറ്റില്ലെന്നും ജനകീയ സമിതി അവകാശപ്പെട്ടു.

ലത്തീൻ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം പദ്ധതിക്കെതിരെ നടന്ന ആക്രമണത്തിൽ പരിക്ക് പറ്റിയ ആറ് പേർ ജോലിക്ക് പോകാൻ കഴിയാതെ വീടുകളിൽ കഴിയുകയാണ്. ഇവർക്ക് വേണ്ട ധനസഹായം സർക്കാര്‍ നൽകണമെന്നും ജനകീയ സമിതി ആവശ്യപ്പെട്ടു. തങ്ങളുടെ വീടുകൾക്ക് നേരെയുള്ള അക്രമങ്ങളിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും പ്രതികളെ പിടികൂടണം എന്നും ജനകീയ സമിതി ആവശ്യപ്പെട്ടു. ജനകീയ സമരസമിതിയുടെ സമര പന്തൽ അടിച്ച് തകർത്തതിനെ തുടര്‍ന്ന് തങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങൾ സർക്കാർ നികത്തണമെന്നും അല്ലാത്ത പക്ഷം തങ്ങൾ പന്തൽ പൊളിച്ചു മാറ്റില്ലെന്നും  ജനകീയ സമരസമിതി പറഞ്ഞു.  

എംഎൽഎ നാട്ടുകാരുടെ സമരത്തെ നിയമസഭയിൽ തള്ളി പറഞ്ഞെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് ജനകീയ കൂട്ടായ്മയുടെ അഭിപ്രായം. ഇത്രയും അക്രമങ്ങൾ തങ്ങൾക്ക് നേരെ നടന്നിട്ടും അധികൃതർ ആരും തങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും ഇവർ ആരോപിച്ചു. ഒക്ടോബർ രണ്ട് മുതലാണ് കക്ഷി രാഷ്ട്രീയ ഭേദമന്യേ നാട്ടുകാരുടെ ആഭിമുഖ്യത്തിൽ ജനകീയ സമിതി രൂപീകരിച്ച് മുല്ലൂരിൽ ലത്തീൻ അതിരൂപതയുടെ സമരത്തിന് എതിരെ പ്രദേശവാസികൾ ഉപവാസം ആരംഭിച്ചത്. 

Follow Us:
Download App:
  • android
  • ios