മെഡിക്കല്‍ കോളജ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതോടെയാണ് മോഷണ കഥകള്‍ കൂടുതല്‍ വ്യക്തമായത്. കഴിഞ്ഞ ജൂണ്‍ ഏഴ്, ജൂണ്‍ 29, ജൂലൈ ഒമ്പത് ദിവസങ്ങളിയായാണ് മോഷണം നടത്തിയത്. ആദ്യ രണ്ട് ദിവസങ്ങളിലായി ഓരോ പ്ലാസ്മാ ടിവിയും സ്‌കൂട്ടറുകളും കടത്തി. ആദ്യം എടുത്ത സ്‌കൂട്ടര്‍ തനിക്ക് ഓടിച്ചുപഠിക്കാനായിരുന്നുവെന്ന് ഗോവിന്ദരാജ് പറഞ്ഞു

തൃശൂര്‍: കയ്യിലെടുക്കാവുന്നതൊന്നുമല്ല ഈ കുടുംബം കയ്ക്കലാക്കിയത്. ടെലിവഷനുകളും ഇരുചക്രവാഹനങ്ങളെല്ലാം ദിവസേനയെന്നോണം അടിച്ചുമാറ്റിയതാകട്ടെ കുട്ടികളുടെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജില്‍ വന്നപ്പോള്‍. ഒടുവില്‍ ആശുപത്രിയിലെ മോഷണ പരമ്പര സൃഷ്ടിച്ച ഭര്‍ത്താവിനെയും ഭാര്യയെയും മുളങ്ങുന്നത്തുകാവ് പൊലീസിന്റെ കയ്യില്‍ കിട്ടി.

മെഡിക്കല്‍ കോളജ് എസ്.ഐ അരുണ്‍ ഷാ, പാലക്കാട് ആലത്തൂര്‍ സ്വദേശികളായ ഗോവിന്ദരാജ്, ഭാര്യ ശാന്തി മോള്‍ എന്നിവരുടെ അറസ്റ്റുരേഖപ്പെടുത്തി. മറ്റൊരു കളവുകേസില്‍ ആലത്തൂര്‍ പൊലീസിന്റെ വലയിലായപ്പോഴാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലെ മോഷണങ്ങളെ കുറിച്ച് ഗോവിന്ദരാജ് വെളിപ്പെടുത്തിയത്. ഇതോടെ ആലത്തൂര്‍ പൊലീസ് മുളങ്ങുന്നത്തുകാവ് സ്റ്റേഷനിലേക്ക് വിവരം നല്‍കുകയായിരുന്നു. എസ്‌ഐയും പാര്‍ട്ടിയും ആലത്തൂരില്‍ നിന്ന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി.

മെഡിക്കല്‍ കോളജ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതോടെയാണ് മോഷണ കഥകള്‍ കൂടുതല്‍ വ്യക്തമായത്. കഴിഞ്ഞ ജൂണ്‍ ഏഴ്, ജൂണ്‍ 29, ജൂലൈ ഒമ്പത് ദിവസങ്ങളിയായാണ് മോഷണം നടത്തിയത്. ആദ്യ രണ്ട് ദിവസങ്ങളിലായി ഓരോ പ്ലാസ്മാ ടിവിയും സ്‌കൂട്ടറുകളും കടത്തി. ആദ്യം എടുത്ത സ്‌കൂട്ടര്‍ തനിക്ക് ഓടിച്ചുപഠിക്കാനായിരുന്നുവെന്ന് ഗോവിന്ദരാജ് പറഞ്ഞു. മറ്റുരണ്ടെണ്ണം ഭാര്യയ്ക്കും ഭാര്യയുടെ സഹോദരിക്കും പഠിക്കാന്‍. അവസാനമാണ് ഒരു ബൈക്കുകൂടി ആശുപത്രി വളപ്പില്‍ നിന്ന് കടത്തിക്കൊണ്ടുപോയത്. അന്ന് എടുത്ത ടെലിവിഷന്‍ സെറ്റ് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ഇത് ആശുപത്രിയിലെ ഫാര്‍മസിക്ക് സമീപം സൂക്ഷിച്ചിരിക്കുകയായിരുന്നു.

ഇരുചക്രവാഹനങ്ങളെല്ലാം ആലത്തൂരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മുന്ന് എണ്ണം പ്രതികളുടെ വീട്ടില്‍ നിന്നും ഒരു സ്‌കൂട്ടര്‍ അറസ്റ്റിലായ ശാന്തിമോളുടെ സഹോദരിയുടെ വീട്ടില്‍ നിന്നുമാണ് കണ്ടെടുത്തത്. രണ്ട് ടിവിയും ഇയാളുടെ വീട്ടില്‍ നിന്ന് പൊലീസിന് ലഭിച്ചു. മറ്റൊന്ന് ജീവനക്കാരുടെ സഹായത്തോടെ ഫാര്‍മസിക്ക് സമീപത്തുനിന്ന് പൊലീസ് കണ്ടെത്തി. കുട്ടികളുടെ ചികില്‍സക്കായാണ് ഗോവിന്ദരാജും ഭാര്യയും മെഡിക്കല്‍ കോളജിലെത്തിയത്. പ്രതികളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.