Asianet News MalayalamAsianet News Malayalam

പ്രളയാനന്തര പുനര്‍നിര്‍മാണം; 34 കുടുംബങ്ങള്‍ക്ക് കൂടി സര്‍ക്കാര്‍ വീട് നിര്‍മിച്ച് നല്‍കി

1663 വീടുകളാണ് പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന്‍റെ ഭാഗമായി ജില്ലയില്‍ ഇതിനകം പുനര്‍നിര്‍മ്മിച്ചത്. 2018ലെ പ്രളയത്തില്‍ ജില്ലയില്‍ 3792 വീടുകള്‍ പൂര്‍ണമായും 27627 വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു. പൂര്‍ണമായി തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണം വിവിധ പദ്ധതികള്‍ പ്രകാരം പുരോഗമിക്കുകയാണ്

govt built 34 more houses as part of rebuild kerala
Author
Thrissur, First Published Sep 14, 2019, 8:31 PM IST

തൃശൂര്‍: തൃശൂരില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട 34 കുടുംബങ്ങള്‍ക്ക് പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന്‍റെ ഭാഗമായി വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നിര്‍മ്മിച്ച വീടുകള്‍ കൈമാറി. 1663 വീടുകളാണ് പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന്‍റെ ഭാഗമായി ജില്ലയില്‍ ഇതിനകം പുനര്‍നിര്‍മ്മിച്ചത്.

2018ലെ പ്രളയത്തില്‍ ജില്ലയില്‍ 3792 വീടുകള്‍ പൂര്‍ണമായും 27627 വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു. പൂര്‍ണമായി തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണം വിവിധ പദ്ധതികള്‍ പ്രകാരം പുരോഗമിക്കുകയാണ്.   സര്‍ക്കാര്‍ സഹായങ്ങള്‍ തുടരുന്നതിനിടെ സ്വയം വീട് നിര്‍മ്മിക്കുന്നതിന് 2278 ഗുണഭോക്താക്കള്‍ മുന്നോട്ടുവന്നു.

ഇപ്രകാരം സന്നദ്ധത അറിയിച്ചവര്‍ക്ക് മൂന്ന് ഗഡുക്കളായി 80.72 കോടി രൂപ സഹായധനമായി സര്‍ക്കാര്‍ വിതരണം ചെയ്തു. ഇതില്‍ 1193 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയര്‍ ഹോം പദ്ധതി പ്രകാരം 433 വീടുകളും നിര്‍മ്മിച്ചു. ഇങ്ങനെ വിവിധ പദ്ധതികള്‍ പ്രകാരമാണ് 1663 വീടുകളുടെ നിര്‍മ്മാണം തൃശൂര്‍ ജില്ലയില്‍ പൂര്‍ത്തീകരിച്ചത്.  

ഭാഗികമായി നാശനഷ്ടം നേരിട്ട വീടുകളുടെ ഉടമസ്ഥര്‍ക്ക് 186.46 കോടിരൂപ ധനസഹായമായി വിതരണം ചെയ്തിട്ടുണ്ട്. ഈ വര്‍ഷത്തെ മഴക്കെടുതിയുടെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ടി വന്ന 21333 കുടുംബങ്ങളില്‍ 7479 പേര്‍ക്ക് അടിയന്തിര ധനസഹായമായി 10000 രൂപ വീതവും നല്‍കി.  2018ലെ പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണം സെപ്റ്റംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് 34 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.

പൊതുജനങ്ങളില്‍നിന്ന് ലഭിച്ച സംഭാവനയുള്‍പ്പെടെ പൂര്‍ണമായി വിനിയോഗിച്ചും അഴിമതിരഹിതമായുമാണ് സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. ലൈഫ് പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഭവനലഭ്യതയുടെ കാര്യത്തില്‍ കേരളം ഒന്നാമതെത്തും. പ്രളയത്തില്‍ തകര്‍ന്ന ശുചിമുറികള്‍ പുനര്‍നിര്‍മ്മിക്കാനുള്ള സഹായം നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

വീടും ഭൂമിയുമില്ലാത്തവര്‍ക്ക് ഫ്ലാറ്റുകള്‍ പണിയുന്നതിനായി 56 സ്ഥലങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. എല്ലാവിധ സൗകര്യങ്ങളും ഒരുക്കിക്കൊണ്ടാവും ഇവിടങ്ങളില്‍ ഫ്ലാറ്റുകള്‍ നിര്‍മ്മിക്കുക. മഴ പെയ്താല്‍ വെള്ളക്കെട്ട് രൂക്ഷമാകുന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios