മുകളിലത്തെ നിലയില്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫീസും താഴത്തെ നിലയില്‍ മത്സ്യഭവന്‍ ഓഫീസുമാണ്‌ പ്രവര്‍ത്തിക്കുന്നത്‌. 

ആലപ്പുഴ: ഏതുനിമിഷവും താഴെ വീഴുമെന്ന സ്ഥിതിയിലാണ് പ്രതിദിനം നൂറുകണക്കിന്‌ പേര്‍ വന്നുപോകുന്ന അമ്പലപ്പുഴ ഫിഷറീസ്‌ ക്ഷേമനിധി ബോര്‍ഡ്‌ ഓഫീസ്‌ കെട്ടിടം. ജീവന്‍ പണയം വെച്ചാണ് ജീവനക്കാര്‍ ഇവിടെ കഴിയുന്നത്. 40 വര്‍ഷം പഴക്കമുള്ള ഈ കെട്ടിടത്തില്‍ ഇതുവരെ വൈദ്യുതി പോലും ലഭിച്ചിട്ടില്ല. മുകളിലത്തെ നിലയില്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫീസും താഴത്തെ നിലയില്‍ മത്സ്യഭവന്‍ ഓഫീസുമാണ്‌ പ്രവര്‍ത്തിക്കുന്നത്‌. 

13 ഓളം ജീവനക്കാരാണ്‌ രണ്ട്‌ ഓഫീസുകളിലുമായി ജോലി ചെയ്യുന്നത്‌. ഇതില്‍ കൂടുതലും വനിതാ ജീവനക്കാരാണ്‌. ഏതാനും ദിവസം മുമ്പ് മത്സ്യ ഭവന്‍ ഓഫീസിന്റെ സീലിങ്‌ തകര്‍ന്ന് വീണിരുന്നു. ഭാഗ്യം കൊണ്ടാണ്‌ ഇവിടുത്തെ ജീവനക്കാര്‍ രക്ഷപ്പെട്ടത്‌. സീലിങ്‌ മുഴുവന്‍ ഏതുനിമിഷവും ഇനിയും താഴെ വീഴുമെന്ന ആശങ്കയിലാണ്‌ ജീവനക്കാര്‍. തകര്‍ച്ചാഭീഷണിയായതിനാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ നിന്ന്‌ ക്ഷേമനിധി ബോര്‍ഡ്‌ ഓഫീസ്‌ പ്രവര്‍ത്തനം വളഞ്ഞ വഴിയിലേക്ക്‌ മാറ്റിയിരുന്നു. ഇവിടെ കെട്ടിടം തകര്‍ന്നതോടെ എട്ട്‌ വര്‍ഷം മുമ്പ് അമ്പലപ്പുഴയിലെ ഈ കെട്ടിടത്തിലേക്ക്‌ പ്രവര്‍ത്തനം വീണ്ടും മാറ്റുകയായിരുന്നു. 

ജില്ലയിലെ ഏറ്റവും വലിയ മത്സ്യ ഗ്രാമമാണ്‌ അമ്പലപ്പുഴ. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ മാത്രം 11,000 പേരാണ്‌ ഇവിടെയെത്തുന്നത്‌. പുന്നപ്ര തെക്ക്‌, വടക്ക്‌, അമ്പലപ്പുഴ തെക്ക്‌, വടക്ക്‌, പുറക്കാട്‌ പഞ്ചായത്തുകളിലെ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ഈ ഓഫീസിനെയാണ്‌ ആശ്രയിക്കുന്നത്‌. വൈദ്യുതി കണക്ഷന്‍ ഇല്ലാത്തതിനാല്‍ ജീവനക്കാര്‍ വളരെ ദുരിതമനുഭവിച്ചാണ്‌ ഇവിടെ ജോലി ചെയ്യുന്നത്‌. വെള്ളമോ ടോയ്‌ലറ്റ്‌ സൗകര്യമോ ഇവിടെയില്ല. ജീവനക്കാര്‍ ലാപ്‌ടോപ്‌ വീടുകളില്‍ കൊണ്ടുപോയാണ്‌ ജോലി പൂര്‍ത്തിയാക്കുന്നത്‌. 

ഓഫീസ്‌ സമയത്ത്‌ സമീപത്തെ കടകളിലാണ്‌ ലാപ്‌ടോപ്‌ ചാര്‍ജു ചെയ്യാന്‍ വെക്കുന്നത്‌. ജീവനക്കാര്‍ക്കും ഇവിടെയെത്തുന്ന തൊഴിലാളികള്‍ക്കും ജീവന്‌ ഭീഷണിയായ ഈ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്താന്‍ പോലും തയാറായിട്ടില്ല. പ്രതികൂല കാലാവസ്ഥയില്‍ ഭീതിയോടെയാണ്‌ ജീവനക്കാരും ഇവിടെയെത്തുന്നവരും നില്‍ക്കുന്നത്‌. മത്സ്യമേഖലയ്‌ക്ക്‌ കോടികള്‍ ചെലവഴിക്കുന്നുവെന്ന്‌ അവകാശപ്പെടുമ്പോഴും തകര്‍ച്ചാഭീഷണി നേരിടുന്ന ഈ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്താന്‍ പോലും സര്‍ക്കാര്‍ തയാറാകാത്തതില്‍ പ്രതിഷേധവും ശക്തമായിട്ടുണ്ട്‌.