രണ്ട് വര്‍ഷത്തിനിടയില്‍ മുപ്പതോളം വേദികളിലാണ് ജയാ റാണിയും സംഘവും ഉള്‍പ്പെട്ട കൈകൊട്ടിക്കളി ടീം പരിപാടി അവതരിപ്പിച്ചത്
കോഴിക്കോട്: 'ശ്രീരാമലക്ഷ്മണനും സീതയൊത്തു വേഗം, തുള്ളിത്തുള്ളിക്കളിക്കുന്ന മാനേ', കേരളക്കരയാകെ കൈകൊട്ടിക്കളിയെന്ന കലാരൂപത്തെ നെഞ്ചേറ്റാനിടയാക്കിയ മനോഹര ഗാനമാണിത്. എന്നാല്‍ ഇതേ ഗാനത്തോടൊപ്പം തന്നെ ചുവടുവെച്ച് താരങ്ങളാവുകയാണ് ഒരു അമ്മമ്മയും മകളും കൊച്ചുമകളും. കോഴിക്കോട് രാമനാട്ടുകരയിലെ ചുള്ളിപ്പറമ്പില്‍ താമസിക്കുന്ന ജയാ റാണി ഇവരുടെ മകള്‍ നീതു വാസു, നീതു വാസുവിന്റെ മകള്‍ ആര്യ സിജിത്ത് എന്നിവരാണ് നൃത്ത വേദികളിലെ ആപൂര്‍വ കൂട്ടുകെട്ടായി മാറിയിരിക്കുന്നത്. രണ്ട് വര്‍ഷത്തിനിടയില്‍ മുപ്പതോളം വേദികളിലാണ് ജയാ റാണിയും സംഘവും ഉള്‍പ്പെട്ട കൈകൊട്ടിക്കളി ടീം പരിപാടി അവതരിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പ്രദേശത്തെ ഒരു ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഇവര്‍ പരിപാടി അവതരിപ്പിച്ചത്. ഇവിടേക്ക് മാത്രമായി എന്തെങ്കിലും ഒരു പരിപാടി അവതരിപ്പിക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശിച്ചത്. ജയാറാണി താല്‍പര്യം പറഞ്ഞപ്പോള്‍ മകള്‍ നീതു വാസുവും ആര്യയും പൂര്‍ണ പിന്തുണ നല്‍കി. നാട്ടില്‍ നിന്ന് തന്നെയുള്ള മറ്റ് 11 പേരെ കൂടി കണ്ടെത്തി പരിശീലനം ആരംഭിക്കുകയായിരുന്നു. ഭരതനാട്യം അരങ്ങേറ്റം കഴിഞ്ഞ നീതു തന്നെയാണ് കൈകൊട്ടിക്കളിയുടെ ചുവടുകള്‍ പരിശീലിപ്പിച്ചത്. 14 പേര്‍ ഉള്‍പ്പെട്ട സംഘത്തില്‍ മിക്കവരും ആദ്യമായി സ്റ്റേജില്‍ കയറുന്നവരായിരുന്നു. എന്നാല്‍ പരിപാടി ഹിറ്റായതോടെ കൂടുതല്‍ വേദികളിലേക്ക് ക്ഷണം ലഭിച്ചു.
ബേപ്പൂര്‍ മണ്ഡലത്തില്‍ നവകേരള സദസ്സിനോടനുബന്ധിച്ചും ജയാറാണിയും മകളും കൊച്ചുമകളും ഉള്‍പ്പെട്ട സംഘം പരിപാടി അവതരിപ്പിച്ചു. ജില്ലയിലെ കോട്ടൂളി ഫെസ്റ്റ് ഉള്‍പ്പെടെയുള്ള പ്രധാന സാംസ്‌കാരിക സംഘടനകളും ക്ലബുകളും നടത്തുന്ന പരിപാടികളിലും ഉത്സവ വേദികളിലും പിന്നീടങ്ങോട്ട് ക്ഷണം ലഭിക്കുകയായിരുന്നു. 12 മിനിട്ട് നീളുന്ന ഇവരുടെ കൈകൊട്ടിക്കളിയില്‍ ചുവപ്പും വെള്ളയും നിറത്തിലുള്ള മുണ്ടും വേഷ്ടിയുമാണ് പ്രധാന വേഷം. പുതിയ വര്‍ഷത്തിലും ബുക്കിംഗ് ലഭിച്ചതോടെ പാട്ട് ഒന്ന് മാറ്റിപ്പിടിക്കാനുള്ള ആലോചനയിലാണ് ഇവര്‍. രസിത ഇവരുടെ മക്കളായ ജിഷ്ണ, നിയ എന്നിവരും ശ്രീലേഖ, ഗീത, അഭിരാമി, രജിഷ, രജിത, ധന്യ, അഞ്ജിത, ബബിത, അശ്വതി എന്നിവരും ഉള്‍പ്പെട്ടതാണ് കൈകൊട്ടിക്കളി ടീം.
