കോഴിക്കോട്: ഒന്നാം വർഷ ഹയർ സെക്കണ്ടറി ഇംപ്രൂവ്മെന്റ് പരീക്ഷാ നടത്തിപ്പിൽ ഗുരുതരമായ വീഴ്ച വരുത്തിയ കോഴിക്കോട് താമരശ്ശേരി ഗവൺമെന്‍റ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ പ്രീത കെ യെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. കോഴിക്കോട്ടെ തന്നെ കായക്കൊടി കെ പി ഇ എസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ അബൂബക്കറിനെ സസ്പെന്റ് ചെയ്യാൻ സ്കൂൾ മാനേജർക്ക് നിർദ്ദേശവും നൽകി. റീജണൽ ഡപ്യൂട്ടി ഡയറക്ടർ നടത്തിയ അന്വേഷണത്തെ തുടർന്നാണ് സസ്പെൻഷൻ. പരീക്ഷകളുടെ തുടർ നടത്തിപ്പിന് പകരം ചീഫ് സൂപ്രണ്ടുമാരെ നിയോഗിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ചോദ്യപേപ്പര്‍ സ്കൂളില്‍ ഉണ്ടോ എന്ന് പരിശോധിക്കാതെയാണ് പരീക്ഷ നടത്താനൊരുങ്ങിയത്. പ്രശ്നം ശ്രദ്ധയിൽപ്പെട്ടപ്പോൾ പിന്നീട് പകര്‍പ്പെടുത്ത് പരീക്ഷ നടത്തുകയായിരുന്നു. പ്ളസ് വണ്‍ അക്കൗണ്ടന്‍സി ഇംപ്രൂവ്മെന്‍റ് പരീക്ഷയാണ് ഇങ്ങനെ നടത്തിയത്. സംഭവം അറിഞ്ഞ എസ്ഫ്ഐ പ്രവര്‍ത്തകര്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതായി ആരോപിച്ച് പ്രിന്‍സിപ്പാളിനെ ഉപരോധിക്കുന്നത് വരെയെത്തി കാര്യങ്ങൾ.

പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയപ്പോൾ തന്നെ പ്രിന്‍സിപ്പള്‍ കെ പ്രീതയെ പരീക്ഷ ചുമതലയില്‍ നിന്ന് നീക്കിയിരുന്നു. ചോദ്യപേപ്പര്‍ കുറവാണെന്ന കാര്യം ഹയര്‍സെക്കറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറെ സ്കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നു. ആവശ്യമുള്ളതിന്‍റെ പകര്‍പ്പെടുത്ത് പരീക്ഷ നടത്താന്‍ നിര്‍ദ്ദേശവും കിട്ടി. എന്നാല്‍ ഓപ്പണ്‍ സ്കീമില്‍ പരീക്ഷക്കെത്തിയവരുടെ കണക്ക് കൃത്യമായി എടുക്കുന്നതില്‍ സ്കൂള്‍ അധികൃതര്‍ക്ക് വീഴ്ച ഉണ്ടായി. 

ഇതേ തുടര്‍ന്നാണ് പരീക്ഷ ചോദ്യപേപ്പറിന്‍റെ പകര്‍പ്പ് വീണ്ടും എടുത്തത്.ഇന്നലെ കായക്കൊടി കെപിഇഎസ് എച്ച്എസ്എസില്‍ ചോദ്യപേപ്പര്‍ പകര്‍പ്പെടുത്ത് പരീക്ഷ നടത്തിയ സംഭവത്തിലും പരീക്ഷ ചുമതയുണ്ടായിരുന്ന അധ്യാപകന്‍ കെ കെ അബൂബക്കറിനെ ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു.