Asianet News MalayalamAsianet News Malayalam

മാലിന്യത്തിനെതിരെ ഹ്രസ്വചിത്രമൊരുക്കി ഗ്രീൻ അംബാസിഡർമാർ

ചിത്രീകരണത്തിന്റെ സ്വിച്ച് ഓൺ കർമ്മം പരിസ്ഥിതി പ്രവർത്തകൻ വടയക്കണ്ടി നാരായണൻ നിർവഹിച്ചു. പ്ലാസ്റ്റിക് വലിച്ചെറിയാൻ പാടില്ല എന്ന് മനസ്സിലാക്കിയ ജനങ്ങൾ ഇപ്പോൾ അവ കത്തിക്കാൻ തുടങ്ങിയതാണ് കൂടുതൽ ഗുരുതരമായ സാമൂഹ്യ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു

green ambassadors make short films in school
Author
Calicut, First Published Dec 28, 2018, 10:07 AM IST

കോഴിക്കോട്: മാലിന്യത്തിനെതിരെ ഹ്രസ്വചലച്ചിത്രങ്ങളുമായി ഗ്രീൻ അംബാസിഡർമാർ രംഗത്ത്. ജില്ലാഭരണകൂടത്തിന്റെ സീറോ വേയ്സ്റ്റ് കോഴിക്കോട് പദ്ധതി, സ്കൂളുകളിൽ നടപ്പാക്കാൻ സേവിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഗ്രീൻ അംബാസഡർമാരാണ് മാലിന്യത്തിനെതിരെ ബോധവൽക്കരണത്തിനായി ഹ്രസ്വ ചലച്ചിത്രങ്ങൾ  നിർമ്മിക്കുന്നത്. ഇത്തരത്തിൽ ആദ്യത്തേത് കോഴിക്കോട്പുതിയറ ബി ഇ എം യു പി സ്കൂളിൽ ചിത്രീകരണം ആരംഭിച്ചു. 

പ്ലാസ്റ്റിക് മാലിന്യത്തിന് എതിരെയുള്ള ഹ്രസ്വചിത്രമാണ് ഇത്. പൂർണമായും വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് ഹ്രസ്വ ചിത്രം ഒരുക്കുന്നത്. സഹപാഠിയിൽ നിന്നും ലഭിച്ച, തനിക്ക് ഏറെ പ്രിയപ്പെട്ട പഞ്ചാര മാങ്ങയുടെ അണ്ടി കുഴിച്ചിടാൻ പറമ്പിൽ പലയിടത്തും കുഴിയെടുത്തപ്പോൾ കിട്ടിയത് പ്ലാസ്റ്റിക് സഞ്ചികൾ. അമ്മ വലിച്ചെറിഞ്ഞ സഞ്ചികൾ വർഷങ്ങൾ കഴിഞ്ഞിട്ടും മരിക്കാതിരിക്കുന്നതിനെക്കുറിച്ച് അമ്മയോട് പരാതി പറഞ്ഞപ്പോൾ അമ്മയുടെ മുഖത്ത് നിസ്സംഗത. പിന്നീട് മീൻ മാർക്കറ്റിൽ എത്തുന്ന കുട്ടി സഞ്ചിയിൽ മീൻ തരാൻ ഒരുങ്ങുന്ന മീൻ കച്ചവടക്കാരനെ വിലക്കുന്നു. പകരം കടലാസിൽ പൊതിഞ്ഞു നൽകാൻ ആവശ്യപ്പെടുന്നു.ഇങ്ങനെ പോകുന്നു ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം. 

ചിത്രീകരണത്തിന്റെ സ്വിച്ച് ഓൺ കർമ്മം പരിസ്ഥിതി പ്രവർത്തകൻ വടയക്കണ്ടി നാരായണൻ നിർവഹിച്ചു. പ്ലാസ്റ്റിക് വലിച്ചെറിയാൻ പാടില്ല എന്ന് മനസ്സിലാക്കിയ ജനങ്ങൾ ഇപ്പോൾ അവ കത്തിക്കാൻ തുടങ്ങിയതാണ് കൂടുതൽ ഗുരുതരമായ സാമൂഹ്യ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. പ്രധാനാധ്യാപിക നാൻസി പ്രമീള അധ്യക്ഷം വഹിച്ചു. പിടിഎ പ്രസിഡന്റ് ഡോ ലാൽ കൃഷ്ണ, ഗ്രീൻ അംബാസഡർ അധ്യാപക കോ-ഓർഡിനേറ്റർ ഷാജർഖാൻ, പി.ബേബി, ആർ. മാളവിക, ശ്രുതി ലക്ഷ്മി,  അനിത റോസ്, കെ ഡാനിഷ് സംസാരിച്ചു.

Follow Us:
Download App:
  • android
  • ios