നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാവേലിക്കര എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായി 26-കാരൻ അറസ്റ്റിലായി. നൂറനാട് പാറ്റൂർ സ്വദേശിയായ ഗോകുലിന്റെ വീട്ടിലെ കിടപ്പുമുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ.  

മാവേലിക്കര: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് നടത്തിവരുന്ന പ്രത്യേക പരിശോധനയിൽ മാരക ലഹരിമരുന്നായ എം ഡി എം എയും കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. നൂറനാട് വില്ലേജിൽ പാറ്റൂർ മുറിയിൽ ഗോകുൽ ഭവനത്തിൽ സത്യന്റെ മകൻ ഗോകുൽ (26) ആണ് പിടിയിലായത്. ബുധനാഴ്ച വൈകിട്ട് മാവേലിക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സഹദുള്ള പി എ യുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്. പാറ്റൂർ ജംഗ്ഷന് സമീപമുള്ള വീടിന്റെ കിടപ്പുമുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.

2.359 ഗ്രാം എം ഡി എം എയും 0. 839 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവ് ഗൗരവകരമായതിനാൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന എൻ ഡി പി എസ് നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഉത്സവ സീസണുകളിൽ 'പാർട്ടി ഡ്രഗ്' ആയി വിതരണം ചെയ്യാനാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂജെൻ ലഹരിമരുന്നുകൾ ഉപയോഗിക്കുന്ന സംഘങ്ങളെ എക്സൈസ് നിരീക്ഷിച്ചു വരികയാണ്. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ എ പി ഷിഹാബ്, അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ ബെന്നി മോൻ ബി, ശ്രീകുമാർ എം കെ, പ്രിവന്റീവ് ഓഫീസർ രതീഷ് ടി കെ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ അനു യു , പ്രവീൺ ബി , അരുൺ വി , സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈൻ എസ് , ശ്യാം ജി., ഷിതിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ മായ ടി എസ്, ഡ്രൈവർ പ്രദീപ് എന്നിവർ പങ്കെടുത്തു.