മലപ്പുറത്ത് കോണ്‍ഗ്രസിൽ ഭിന്നത രൂക്ഷം, പിന്നാലെ കരുത്ത് തെളിയിക്കാനുള്ള നീക്കവുമായി എ ഗ്രൂപ്പ്, ലീഗിന് അതൃപ്തി
പാലസ്തീന്‍ വിഷയം ഗ്രൂപ്പ് ശക്തിപ്രകടനത്തിനുള്ള വേദിയായി മാറുകയാണ് മലപ്പുറത്ത്. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ യുദ്ധ വിരുദ്ധ സദസ്സ് സംഘടിപ്പിക്കാനും ആര്യാടന്‍ ഫൗണ്ടേഷന്‍റെ തീരുമാനിച്ചിട്ടുണ്ട്.

മലപ്പുറം: മണ്ഡലം പ്രസിഡന്‍റുമാരുടെ നിയമനത്തെച്ചൊല്ലി മലപ്പുറം കോണ്‍ഗ്രസിൽ ഭിന്നത രൂക്ഷമായിരിക്കേ പാലസ്തീന്‍ ഐക്യദാർഢ്യ പരിപാടിയിലൂടെ കരുത്ത് തെളിയിക്കാനുള്ള നീക്കവുമായി എ ഗ്രൂപ്പ്. ഡിസിസിയുടെ നേതൃത്വത്തില്‍ പലസ്തീന്‍ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിക്കാൻ ഇരിക്കേയാണ് ആര്യാടന്‍ ഫൗണ്ടേഷന്‍റെ പേരില്‍ എ ഗ്രൂപ്പ് യുദ്ധവിരുദ്ധ സദസ് സംഘടിപ്പിക്കുന്നത്. അതേസമയം കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരില്‍ കടുത്ത അതൃപ്തിയിലാണ് മുസ്ലീം ലീഗുള്ളത്.
മലപ്പുറം ഡിസിസിയുടെ നേതൃത്വത്തില്‍ ഈ മാസം അവസാനം പാലസ്തീന്‍ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എ ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള ആര്യാടന്‍ ഫൗണ്ടേഷന്‍ മലപ്പുറത്ത് പാലസ്കീന്‍ വിഷയത്തില്‍ യുദ്ധ വിരുദ്ധ സദസ്സ് നടത്താന്‍ തീരുമാനിച്ചത്. അടുത്ത മാസം 3നാണ് പരിപാടി. ഫലത്തില്‍ പാലസ്തീന്‍ വിഷയം ഗ്രൂപ്പ് ശക്തിപ്രകടനത്തിനുള്ള വേദിയായി മാറുകയാണ് മലപ്പുറത്ത്. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ യുദ്ധ വിരുദ്ധ സദസ്സ് സംഘടിപ്പിക്കാനും ആര്യാടന്‍ ഫൗണ്ടേഷന്‍റെ തീരുമാനിച്ചിട്ടുണ്ട്.
പരമാവധി ആളുകളെ പരിപാടിയിലെത്തിക്കാനുള്ള നിര്‍ദേശം ഗ്രൂപ്പ് നേതൃത്വം താഴേ തട്ടിലേക്ക് നല്‍കിയിട്ടുണ്ട്. അതേ സമയം കോണ്‍ഗ്രസിലുണ്ടായിരിക്കുന്ന ഗ്രൂപ്പ് പോര് പരിഹരിക്കണമെന്ന് കെപിസിസി നേതൃത്വത്തോട് ലീഗ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കെ പി സി സി പ്രസിഡന്‍റ് ഇടപെട്ടിട്ടും പ്രശ്നം പരിഹരിക്കപ്പെടാത്തതില്‍ കടുത്ത അതൃപ്തിയിലാണ് ലീഗുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിലുണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ മുന്നണിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്കയും ലീഗിനുണ്ട്.
കോണ്‍ഗ്രസിലെ മണ്ഡലം പ്രസിഡന്‍റുമാരുടെ നിയമനത്തില്‍ എ പി അനില്‍കുമാര്‍ എം എല്‍ എയും ഡി സി സി പ്രസിഡന്‍റ് വി എസ് ജോയിയും ചേര്‍ന്ന് അവഗണിച്ചെന്നാണ് എ ഗ്രൂപ്പിന്‍റെ പരാതി. ഇതിനു പിന്നാലെ ഡിസിസി നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ തത്കാലം നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് ഡിസിസി നേതൃത്വത്തിന്‍റെ തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം