ആദൂര്‍ സ്റ്റേഷന്‍ പരിധിയില്‍ ലൈസന്‍സുള്ള 126 പേരോടും തങ്ങളുടെ തോക്ക് സ്റ്റേഷനില്‍ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്.

കാസർകോട് : എട്ടുവര്‍ഷം മുമ്പ് പോലീസ് സ്റ്റേഷനിൽ സൂക്ഷിക്കാനേല്‍പിച്ച തോക്ക് കാണാനില്ല. സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. കാസർകോട് ആദൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നാണ് കർഷകൻ സൂക്ഷിക്കാൻ ഏൽപ്പിച്ച തോക്ക് അപ്രത്യക്ഷമായിരിക്കുന്നത്‌. 2010 മാര്‍ച്ച് 18 നാണ് മുളിറിലെ ഒരു കർഷകൻ തന്‍റെ ഒറ്റക്കുഴല്‍ തോക്ക് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചത്. ഈ തോക്കാണ് ഇപ്പോൾ കാണാതായിരിക്കുന്നത്. സംഭവം വിവാദമായതോടെ അന്വേഷണത്തിന്‍റെ ഭാഗമായി ആദൂര്‍ സ്റ്റേഷന്‍ പരിധിയില്‍ ലൈസന്‍സുള്ള 126 പേരോടും തങ്ങളുടെ തോക്ക് സ്റ്റേഷനില്‍ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്.

തോക്ക് സൂക്ഷിക്കാന്‍ അധികാരമുള്ള ജില്ലയിലെ രണ്ട് സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും പോലീസ് വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ കാസര്‍ഗോഡ് സായുധസേനാ വിഭാഗത്തിലെ തോക്കുകളും പോലീസ് പരിശോധിച്ചുവരികയാണ്. തോക്ക് കണ്ടുകിട്ടിയില്ലെങ്കില്‍ തോക്ക് നഷ്ടപ്പെട്ട കാലയളവില്‍ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന്‌ അന്വേഷണം നടത്തുന്ന പോലീസ് സംഘം പറഞ്ഞു. സമീപപ്രദേശത്ത് ഉത്സവം നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു കർഷകൻ തോക്ക് സ്റ്റേഷനില്‍ ഏല്‍പിച്ചത്. 

സ്റ്റേഷനില്‍ തോക്ക് ഏല്‍പ്പിക്കുമ്പോള്‍ ലൈസന്‍സിന്‍റെ കാലാവധി കഴിയാറായിരുന്നു. ഇതു പുതുക്കിയ ശേഷമേ തോക്ക് തിരികെയെടുക്കാന്‍ കഴിയൂവെന്നതിനാല്‍ ലൈസന്‍സ് പുതുക്കാന്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കി. സാങ്കേതിക കാരണങ്ങളാല്‍ 2013ല്‍ മാത്രമാണ് ലൈസന്‍സ് പുതുക്കിക്കിട്ടിയത്. തുടര്‍ന്ന് തോക്ക് തിരികെയെടുക്കാന്‍ ചെന്നപ്പോഴാണ് കാണാതായതായി വ്യക്തമായത്. ഇതോടെ കളക്ടറേറ്റില്‍ പരാതി നല്‍കി. കളക്ടര്‍ പരാതി ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. തുടര്‍ന്നാണ് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ജ്യോതികുമാറിനെ അന്വേഷണം ഏല്‍പ്പിച്ചത്. ആദൂര്‍ സ്റ്റേഷനില്‍ നിശ്ചിത കാലയളവില്‍ തോക്ക് സൂക്ഷിച്ച രേഖകള്‍ അന്വേഷണസംഘം വിശദമായ പരിശോധന നടത്തിവരികയാണ്. 

ഈ കാലയളവില്‍ ഇവിടെ ജോലിചെയ്തിരുന്ന സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, റൈറ്റര്‍മാര്‍, അസിസ്റ്റന്റ് റൈറ്റര്‍മാര്‍ എന്നിവരുടെ പട്ടിക തരാന്‍ അന്വേഷണസംഘം ആദൂര്‍ സിഐക്ക്‌ നിർദ്ദേശം നല്‍കി. നമ്പര്‍ ഒത്തുനോക്കാനാണ് സ്റ്റേഷന്‍ പരിധിയിലെ എല്ലാ ലൈസന്‍സികളോടും തോക്ക് ഹാജരാക്കാന്‍ അവശ്യപ്പെട്ടിരിക്കുന്നത്. സായുധസേനാ വിഭാഗത്തിലെ തോക്കുകള്‍ പരിശോധിക്കുന്നതും ഇതേ ആവശ്യത്തിനാണ്.തോക്കുകളുടെ നമ്പറും മറ്റുവിവരങ്ങളും സൂക്ഷിക്കുന്ന ആര്‍മര്‍ വിഭാഗത്തിന് ഈ നമ്പര്‍ കൈമാറി അവര്‍ ഒത്തുനോക്കുകയാണ് ചെയ്യുക. തോക്ക് കണ്ടെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കുമെന്ന് സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്‌.പി.ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു.