പൂര്‍വ്വാര്‍ജിത സ്വത്തുക്കള്‍ ഉപയോഗിച്ച് വേണം ആനകളെ പരിപാലിക്കാനെന്ന് കേന്ദ്ര കേന്ദ്ര മൃഗക്ഷേമബോര്‍ഡ്. ഏക്കത്തുക വര്‍ദ്ധിപ്പിച്ച് ആനകളില്‍ നിന്ന് വരുമാനമുണ്ടാക്കാനുറപ്പിച്ച് ഗുരുവായൂര്‍ ദേവസ്വം.


തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ആനകള്‍ക്കുള്ള ഏക്കത്തുകയില്‍ വര്‍ധനവ്. പത്മനാഭന് ഒരു ലക്ഷവും വലിയ കേശവനും ഇന്ദ്രസെനും നന്ദനും മുക്കാല്‍ ലക്ഷം വീതവുമാണ് നിരക്ക്. സാധാരണ ദിവസങ്ങളിലാണ് ഈ നിരക്കെങ്കില്‍ പ്രത്യേക ദിവസങ്ങളില്‍ ലേലം ചെയ്യുന്നതിനുള്ള നിരക്ക് ഇതിന് മുകളിലാണ്. 

പൂര്‍വ്വാര്‍ജിത സ്വത്തുക്കള്‍ ഉപയോഗിച്ച് വേണം ആനകളെ പരിപാലിക്കുന്നതിനെന്നും വാടകയ്ക്ക് നല്‍കിയോ തൊഴിലെടുപ്പിച്ചോ ആനകളില്‍ നിന്നും വരുമാനമുണ്ടാക്കരുതെന്നും നിര്‍ദ്ദേശിച്ച് കൊണ്ടുള്ള കേന്ദ്ര മൃഗക്ഷേമബോര്‍ഡിന്‍റെ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ഏക്കത്തുക വന്‍തോതില്‍ വര്‍ധിപ്പിച്ച് ഗുരുവായൂര്‍ ദേവസ്വം നിരക്ക് പരസ്യപ്പെടുത്തിയിരിക്കുന്നത്. 

2015-ല്‍ ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ആനകളെ വാടകയ്ക്ക് നല്‍കുന്നത് വിലക്കി കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ അതിന് ശേഷവും ഇക്കഴിഞ്ഞ തൃശൂര്‍ പൂരം അടക്കമുള്ളവക്ക് ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ആനകളെ എഴുന്നെള്ളിപ്പിച്ചിരുന്നു. ഏക്കത്തുകയിലെ മല്‍സരം ആനയുടമകള്‍ തമ്മിലുള്ള കിടമല്‍സരവും ഉല്‍സവ സംഘാടകര്‍ തമ്മിലുള്ള തര്‍ക്കത്തിലേക്കും വഴിവെച്ചതോടെ ഏക്കത്തുക ഏകീകരിക്കാന്‍ ആനയുടമ സംഘടന തന്നെ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും തീരുമാനത്തിലെത്തിയില്ല. 

തിരുവിതാംകൂര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡുകള്‍ 12,500 എന്ന കുറഞ്ഞ ഏക്കത്തുകയിലേക്ക് നിരക്കുകള്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ എല്ലാ പരിധികളെയും കടത്തിവെട്ടുന്നതാണ് ഇപ്പോള്‍ ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ഏക്കത്തുക.

രാജശേഖരന്‍, ശങ്കരനാരായണന്‍, സിദ്ധാര്‍ഥന്‍, ജൂനിയര്‍ മാധവന്‍, അച്യുതന്‍, ഗോപാലകൃഷ്ണന്‍, ശ്രീധരന്‍, വലിയ വിഷ്ണു എന്നീ ആനകള്‍ക്ക് 30,000 ആണ് ഏക്കത്തുക. വിശേഷ ദിവസങ്ങളില്‍ 45,000 രൂപ നിരക്കിലാവും ലേലം തുടങ്ങുക. ബാലകൃഷ്ണന്‍, ഗോകുല്‍, ദാമോദര്‍ദാസ്, ചെന്താമരാക്ഷന്‍ എന്നീ ആനകള്‍ക്ക് 25,000 വീതമാണ് സാധാരണയായുള്ള ഏക്കത്തുക. വിശേഷ ദിവസങ്ങളില്‍ 37,500 രൂപയാണ്‌ ലേലം തുടങ്ങുക. മറ്റുള്ള ആനകള്‍ക്ക് 20,000 രൂപ വീതവുമാണ്. 

48 ആനകളാണ് ഗുരുവായൂര്‍ ദേവസ്വത്തിനുള്ളത്. 33 ആനകളെയാണ് എഴുന്നെള്ളിപ്പുകള്‍ക്ക് വിടാറുള്ളത്. 
ദേവസ്വത്തിന് സ്വത്ത് വിഹിതമുണ്ടെന്നിരിക്കെ ഏക്കത്തുക വര്‍ധിപ്പിച്ച് പരസ്യപ്പെടുത്തി, ആനകളെ വരുമാനമുണ്ടാക്കാന്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ഹെറിട്ടേജ് അനിമല്‍ ടാസ്‌ക്‌ഫോഴ്‌സ് കേന്ദ്ര മൃഗക്ഷേമബോര്‍ഡ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ദേവസ്വം മന്ത്രി എന്നിവര്‍ക്ക് പരാതി അയച്ചു.