പ്രധാനമായും ഗുരുവായൂര്‍ റെയില്‍വെ മേല്‍പ്പാലത്തിന്റെ നിര്‍മാണമാണ് പ്രധാനമന്ത്രിയുടെ മുന്നിലെത്തിക്കാനുദ്ദേശിക്കുന്നത്

തൃശൂര്‍: ക്ഷേത്രദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമുന്നില്‍ റെയില്‍വെ വികസനത്തിനുള്ള സാധ്യതതേടാന്‍ കാത്തിരിക്കുകയാണ് ഗുരുവായൂര്‍. കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയലും പ്രധാനമന്ത്രിക്കൊപ്പം ഗുരുവായൂരില്‍ എട്ടാം തിയതി എത്തും. ദീര്‍ഘകാലമായി അവഗണിക്കപ്പെട്ടുകിടക്കുന്ന ഗുരുവായൂരിന്റെ റെയില്‍വെ വികസനം കഴിഞ്ഞ നരേന്ദ്രമോദി മന്ത്രിസഭയ്ക്കുമുന്നിലും പലകുറി എത്തിയതാണ്. പുതുമോടിയില്‍ രണ്ട് പേരും ഗുരുവായൂരിലെത്തുമ്പോള്‍ വിഷയം നേരിട്ട് ശ്രദ്ധയില്‍പ്പെടുത്താനാണ് റെയില്‍വെ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ തീരുമാനം.

പ്രധാനമായും ഗുരുവായൂര്‍ റെയില്‍വെ മേല്‍പ്പാലത്തിന്റെ നിര്‍മാണമാണ് പ്രധാനമന്ത്രിയുടെ മുന്നിലെത്തിക്കാനുദ്ദേശിക്കുന്നത്. അനുമതി ലഭിച്ചിട്ടും വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഗുരുവായൂര്‍-തിരുന്നാവായ പാതയുടെ പൂര്‍ത്തീകരണം, തൃശൂര്‍-ഗുരുവായൂര്‍ നിരന്തര സര്‍വീസ് നടത്തുന്ന മെമു റേക്, ഗുരുവായൂര്‍-മൂകാംബിക പ്രതിദിന എക്‌സ്പ്രസ്, ഗുരുവായൂര്‍-പഴനി, മധുര വഴി രാമേശ്വരം പ്രതിദിന എക്‌സ്പ്രസ് തുടങ്ങിയ നിരവധി വിഷയങ്ങള്‍ പ്രധാനമന്ത്രി, റെയില്‍വെ മന്ത്രി, കേന്ദ്രസഹമന്ത്രി വി മുരളീധരന്‍, ടി എന്‍ പ്രതാപന്‍ എംപി എന്നിവരുടെ ശ്രദ്ധയില്‍ക്കൊണ്ടുവരാനാണ് തൃശൂര്‍ റെയില്‍വെ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ നിശ്ചയിച്ചിരിക്കുന്നത്.