ഗുരുവായൂർ ക്ഷേത്രത്തിലെ 2026 മാർച്ച് മാസത്തെ ഭണ്ഡാര വരവ് 5.79 കോടി രൂപയായി രേഖപ്പെടുത്തി. പണത്തിന് പുറമെ ഒരു കിലോയിലധികം സ്വർണ്ണവും 15 കിലോ വെള്ളിയും ഭക്തർ സമർപ്പിച്ചു.
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2026 മാർച്ച് മാസത്തിലെ ഭണ്ഡാര വരവ് കണക്കുകൾ പുറത്തുവന്നു. 5.79 കോടി രൂപയാണ് ഇത്തവണ ഭണ്ഡാരത്തിലൂടെ ക്ഷേത്രത്തിന് ലഭിച്ചത്. സ്വർണ്ണവും വെള്ളിയും നിരോധിച്ച കറൻസികളും ഉൾപ്പെടെ ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചു. ശനിയാഴ്ച വൈകിട്ടോടെ കണക്കുകൾ തിട്ടപ്പെടുത്തിയപ്പോൾ 5,79,94,024 രൂപയാണ് ആകെ ലഭിച്ചത്. സൗത്ത് ഇന്ത്യൻ ബാങ്ക് ഗുരുവായൂർ ശാഖയുടെ മേൽനോട്ടത്തിലായിരുന്നു എണ്ണൽ നടന്നത്.
പണത്തിന് പുറമെ വലിയ തോതിലുള്ള സ്വർണ്ണവും വെള്ളിയും ഭക്തർ വഴിപാടായി സമർപ്പിച്ചിട്ടുണ്ട്. 1 കിലോ 282 ഗ്രാം സ്വര്‍ണം, 15 കിലോ 410 ഗ്രാം വെള്ളി എന്നിങ്ങനെ ലഭിച്ചു. ഭണ്ഡാരത്തിൽ നിന്ന് പഴയതും നിരോധിച്ചതുമായ നോട്ടുകളും ഇത്തവണ ലഭിച്ചിട്ടുണ്ട്. 2000 രൂപയുടെ 8 നോട്ടുകൾ. നേരത്തെ നിരോധിച്ച 1000 രൂപയുടെ 3 നോട്ടുകൾ. നിരോധിച്ച 500 രൂപയുടെ 20 നോട്ടുകൾ എന്നിങ്ങനെയും ലഭിച്ചു.
ഇ-ഭണ്ഡാരം വഴിയും വരുമാനം ലഭിച്ചു. ഡിജിറ്റൽ പണമിടപാടുകൾക്കായി ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഇ-ഭണ്ഡാരങ്ങൾ വഴിയും മികച്ച വരുമാനം ലഭിച്ചു. സ്.ബി.ഐ (കിഴക്കേ നട) 2,00,246, ധനലക്ഷ്മി ബാങ്ക് 1,21,497, യു.ബി.ഐ (പടിഞ്ഞാറെ നട) 71,157, പഞ്ചാബ് നാഷണൽ ബാങ്ക് (കിഴക്കേ നട) 65,839, ഐസിഐസിഐ ബാങ്ക് 41,224 ഇന്ത്യൻ ബാങ്ക് 6,162 എന്നിങ്ങനെയും നടവരവ് ലഭിച്ചു.


