എച്ച്1 എന്‍1 ന്റെ ലക്ഷണങ്ങള്‍ ഉള്ളവര്‍ ശബരിമല യാത്ര മാറ്റിവയ്ക്കണമെന്ന് ആരോഗ്യ വകുപ്പ് മറ്റ് സംസ്ഥാനങ്ങളോട് രേഖാമൂലം ആവശ്യപ്പെടുന്നതാണ്. പനി, ജലദോഷം, തൊണ്ടവേദന, ചുമ എന്നീ രോഗ ലക്ഷണങ്ങളോടെ ഇവിടെയെത്തുന്നവരെ ചികിത്സിക്കാനുള്ള സംവിധാധാനം ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്

തിരുവനന്തപുരം: അയല്‍ സംസ്ഥാനങ്ങളില്‍ എച്ച്1 എന്‍1 കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ശബരിമലയില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. തീര്‍ത്ഥാടകരില്‍ കൂടുതലും ഇതര സംസ്ഥാനത്തുള്ളവരായതിനാല്‍ അതുംകൂടി മുന്നില്‍ കണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആരോഗ്യ വകുപ്പ് രൂപം നല്‍കിയിട്ടുള്ളത്. ഇതനുസരിച്ച് ആരോഗ്യ വകുപ്പ് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. എച്ച്1 എന്‍1 ഫലപ്രദമായി തടയുന്നതിന് നിരീക്ഷണം ശക്തപ്പെടുത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എച്ച്1 എന്‍1 ന്റെ ലക്ഷണങ്ങള്‍ ഉള്ളവര്‍ ശബരിമല യാത്ര മാറ്റിവയ്ക്കണമെന്ന് ആരോഗ്യ വകുപ്പ് മറ്റ് സംസ്ഥാനങ്ങളോട് രേഖാമൂലം ആവശ്യപ്പെടുന്നതാണ്. പനി, ജലദോഷം, തൊണ്ടവേദന, ചുമ എന്നീ രോഗ ലക്ഷണങ്ങളോടെ ഇവിടെയെത്തുന്നവരെ ചികിത്സിക്കാനുള്ള സംവിധാധാനം ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്. ഇതിനായി പമ്പ മുതല്‍ സന്നിധാനം വരെ സജ്ജമാക്കിയ 16 ഓളം ചികിത്സാ സഹായ കേന്ദ്രങ്ങളും ഉപയോഗിക്കാവുന്നതാണ്.

തീര്‍ത്ഥാടകള്‍ യാത്ര ചെയ്യാന്‍ സാധ്യതയുള്ള ഇടത്താവളങ്ങളും അമ്പലങ്ങളും കേന്ദ്രീകരിച്ച് അവബോധവും നല്‍കി വരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ 6 ഭാഷകളായി തയ്യാറാക്കിയ എച്ച്1 എന്‍1 നെപ്പറ്റിയുള്ള ലഘുലേഖകള്‍ തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്നുണ്ട്. ഇതോടൊപ്പം പമ്പ, സന്നിധാനം, നിലക്കല്‍, എല്ലാ ഇടത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ അനൗണ്‍സ്‌മെന്റിലൂടെയും സന്ദേശം നല്‍കുന്നു. കൈ കഴുകുന്നതിന്റെ പ്രാധാന്യം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശ്രദ്ധിക്കുക, ധാരാളം ശുദ്ധജലവും പാനീയങ്ങളും കുടിക്കുക, ലക്ഷണമുള്ളവര്‍ ചികിത്സ തേടുക തുടങ്ങിയവയാണ് പ്രധാനമായും അനൗണ്‍സ്‌മെന്റ് നടത്തുന്നത്.

എച്ച്1 എന്‍1 ചികിത്സയ്ക്കുള്ള മരുന്നുകളുടെ ലഭ്യത എല്ലാ കേന്ദ്രങ്ങളിലും ഉറപ്പാക്കിയിട്ടുണ്ട്. എവിടെയെങ്കിലും മരുന്നുകളുടെ കുറവുണ്ടാകുന്ന മുറയ്ക്ക് ഡി.എം.ഒ. അത് റിപ്പോര്‍ട്ട് ചെയ്യാനും കെ.എം.എല്‍.സി.എല്‍. വഴി ലഭ്യമാക്കാനും നിര്‍ദേശം നല്‍കി. കൂടാതെ സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ സ്റ്റോറുകളിലും മരുന്നുകള്‍ സ്റ്റോക്ക് ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എച്ച്1 എന്‍1 ചികിത്സയ്ക്കായി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ എ.ബി.സി. ഗൈഡ് ലൈന്‍ കൃത്യമായി പാലിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെറിയ രോഗ ലക്ഷണമുള്ളവരേയാണ് എ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവര്‍ക്ക് പ്രത്യേക ചികിത്സ ആവശ്യമില്ല. വിശ്രമത്തിലൂടെയും ധാരാളം പാനീയങ്ങള്‍ കഴിയ്ക്കുന്നതിലൂടെയും രോഗം ഭേദമാകുന്നതാണ്. സാരമായ രോഗം ഉള്ളവരെയാണ് ബിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബി വിഭാഗത്തെ രോഗത്തിന്റെ കാഠിന്യമനുസരിച്ച് ബി1, ബി2 എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. ഇവര്‍ക്ക് പ്രത്യേക ചികിത്സ അത്യാവശ്യമാണ്. കടുത്ത രോഗമുള്ളവരെയാണ് സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ടതാണ്.

എച്ച്1 എന്‍1 സംശയിക്കുന്നപക്ഷം എത്രയും വേഗം ചികിത്സ തേടേണ്ടതാണ്. അല്ലെങ്കില്‍ ഗുരുതരാവസ്ഥയിലേക്ക് പോകാന്‍ സാധ്യതയുണ്ട്. അതിനാലാണ് പനി, ജലദോഷം, ചുമ, തൊണ്ട വേദന, ശരീര വേദന, ശ്വാസംമുട്ടല്‍ എന്നിവയുള്ളവര്‍ ഉടന്‍ ചികിത്സ തേടണമെന്ന് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

എവിടെയെങ്കിലും എച്ച്1 എന്‍1 റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യം ജില്ലാ മെഡിക്കല്‍ ഓഫീസറെ അറിയിക്കാനും അത് സ്റ്റേറ്റ് സര്‍വയലന്‍സ് യൂണിറ്റിനെ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം ഓരോ സ്ഥലത്തും കൈക്കൊണ്ട പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ചുള്ള സത്വര നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ വകുപ്പ്.