അഞ്ച് മാസം മുമ്പാണ് ലേലം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന മുബൈയിലെ സ്വകാര്യ ഷിപ്പിങ് കമ്പനിയുടെ ബ്രഹ്മേക്ഷര എന്ന ടഗ്ഗ് വിഴിഞ്ഞത്ത് മുങ്ങിയത്. 

തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് പകുതിയോളം മുങ്ങിയ സ്വകാര്യ കമ്പനിയുടെ ടഗ്ഗ് ഉയർത്താനുള്ള നടപടികള്‍ തുടങ്ങി. എക്സലന്‍റ് ഷിപ്പ് ബിൽഡേഴ്സ് ആണ് ടഗ്ഗ് ഉയര്‍ത്തുന്നത്. അഞ്ച് മാസം മുമ്പാണ് ലേലം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന മുബൈയിലെ സ്വകാര്യ ഷിപ്പിങ് കമ്പനിയുടെ ബ്രഹ്മേക്ഷര എന്ന ടഗ്ഗ് വിഴിഞ്ഞത്ത് മുങ്ങിയത്. ഇന്ധനം തീര്‍ന്നതോടെ 2015ല്‍ ടഗ്ഗ് ഇവിടെ അടുപ്പിക്കുകയായിരുന്നു.

പാതി മുങ്ങിയ ടഗ്ഗിനെ ഉയർത്തുന്നതിനും അതിനുള്ളിലെ എണ്ണ നീക്കംചെയ്യുന്നതിനുമായി തുറമുഖ വകുപ്പ് നിരവധി തവണ ടെൻഡർ ക്ഷണിച്ചിരുന്നു. പ്രതികരണമുണ്ടാകാത്തിനെ തുടർന്നാണ് സ്വകാര്യ കമ്പനിയെ ഉപയോഗിച്ച് ടഗ്ഗ് ഉയർത്തുന്നത്. ഇതിനായുള്ള ക്രെയിനുകളും സാമഗ്രികളും വിഴിഞ്ഞത്ത് എത്തിച്ചിട്ടുണ്ട്. 

ചോർച്ചയുണ്ടായി ടഗ്ഗിനുള്ളിലെ 4000 ലിറ്റർ ഇന്ധനം കടലിൽ പടരാതിരിക്കാന്‍ കൃത്രിമ ഓയില്‍ ബൂം സ്ഥാപിച്ചിട്ടുണ്ട്. ടഗ്ഗ് പൂര്‍ണ്ണമായും ഉയര്‍ത്താന്‍രണ്ടാഴ്ചയോളം വേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ടഗ്ഗ് ലേലം ചെയ്യാനുള്ള നടപടികളുംആരംഭിക്കും.