പാലക്കാട് ശ്രീകൃഷ്‌ണപുരം കുലുക്കിലിയാട് ജി.എൽ.പി.എസിലെ പി ഡി അധ്യാപിക സി. സന്ധ്യയെ സ്ഥലം മാറ്റി.

പാലക്കാട്: പാതിവില തട്ടിപ്പില്‍ അധ്യാപികയ്ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. പാലക്കാട് ശ്രീകൃഷ്‌ണപുരം കുലുക്കിലിയാട് ജി.എൽ.പി.എസിലെ പി ഡി അധ്യാപിക സി. സന്ധ്യയെ സ്ഥലം മാറ്റി. അള്ളമ്പാടം ജി.എൽ.പി സ്കൂളിലേക്കാണ് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സ്ഥലം മാറ്റി ഉത്തരവിറക്കിയത്. സന്ധ്യയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണൻ ചെയർമാനായി കരിമ്പുഴ കോട്ടപ്പുറത്ത് പ്രവർത്തിച്ചിരുന്ന ഐ.ആർ.ഡി.സി സ്ഥാപനം മുഖേന പാതിവിലയ്ക്ക് ഗൃഹോപകരണങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. സന്ധ്യയ്ക്കെതിരെ പരാതി വന്നതോടെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്.

ശ്രീകൃഷ്ണപുരത്ത് പാതിവില തട്ടിപ്പുമായി സ്ഥലം മാറ്റിയ അധ്യാപികക്കെതിരെ നേരത്തെ മൂന്ന് കേസ് നിലവിലുള്ളതായി ശ്രീകൃഷ്ണപുരം പൊലീസ് പറഞ്ഞു. ടീച്ചറുടെ ഭർത്താവാണ് കേസിലെ പ്രതി. സംഭവം നടക്കുന്ന സമയത്ത് ഓഫീസിൽ ടീച്ചർ ഉണ്ടായിരുന്നതായി പൈസ വാങ്ങിയത് ടീച്ചറാണ് എന്ന് പറഞ്ഞുകൊണ്ട് മൂന്ന് പേര് പരാതി നേരത്തെ നൽകിയിരുന്നു. സ്ഥാപനത്തിൽ നിന്നും പണം കൈപ്പറ്റിയത് സന്ധ്യയാണെന്നാണ് എഫ്ഐആറിലും രേഖപ്പെടുത്തിയിരിക്കുന്നത്. സന്ധ്യയെ പ്രതിയാക്കി മൂന്ന് തട്ടിപ്പ് കേസുകളാണ് ശ്രീകൃഷ്ണപുരം പൊലീസ് രജിസ്റ്റർ ചെയ്തത്. തട്ടിപ്പിനിരയായ 17 പേരുടെ പരാതിയിൽ ഭർത്താവ് ഉണ്ണികൃഷ്ണൻ ഒന്നാം പ്രതിയും സന്ധ്യ രണ്ടാം പ്രതിയുമായ രണ്ട് കേസുകളാണ് ഉള്ളത്. പണം നൽകിയ യുവതിയെ ഭീഷണിപ്പെടുത്തിയെന്ന മറ്റൊരു കേസിൽ സന്ധ്യയാണ് ഒന്നാം പ്രതി. കേസെടുത്ത സാഹചര്യത്തിൽ ചെർപ്പുളശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ നടത്തിയ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

സംസ്ഥാനത്ത് അങ്ങോളമിങ്ങോളം നടന്ന പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 1343 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 665 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറും. 48,384 പേരാണ് തട്ടിപ്പിനിരയായെന്നുമാണ് മുഖ്യമന്ത്രി നേരത്തെ നിയമസഭയില്‍ അറിയിച്ചത്. ആദ്യഘട്ടത്തിൽ പദ്ധതിയിൽ ചേർന്ന ആളുകൾക്ക് പകുതി വിലയ്ക്ക് സ്കൂട്ടറുകൾ നൽകി. പിന്നീട് പദ്ധതിയിൽ ചേർന്നവർക്ക് സ്കൂട്ടറുകൾ നൽകിയില്ല. കേസിലെ മുഖ്യപ്രതികളെല്ലാം അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. സീഡ് വഴിയും എൻജിഒ കോൺഫഡേഷനും വഴിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. കോഡിനേറ്റർമാർക്ക് കമ്മീഷൻ അടക്കം നൽകിയാണ് തട്ടിപ്പ് നടത്തിയത്.