ലൗ ജിഹാദ് സംബന്ധിച്ച് വളരെ വിശാലമായി തന്നെ കൈപ്പുസ്തകം പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളോട് ആശയവിനിമയം ചെയ്യുന്നത്.ലൗ ജിഹാദിന്‍റെ ഒരു ഘട്ടത്തില്‍ പെണ്‍കുട്ടികളെ വശീകരിക്കാനായി ഇസ്ലാം മതപുരോഹിതന്മാര്‍ വഴി കൈവിഷം നല്‍കുന്നുവെന്നും പുസ്തകം പറയുന്നു. ഇസ്ലാം അവതരിപ്പിക്കുന്ന അള്ളാഹു എന്ന് ദൈവത്തിന് അവര്‍ കല്‍പിക്കുന്ന സ്വഭാവം ഈശോ മുന്നറിയിപ്പ് തരുന്നതുപോലെ സാത്താന്‍റെ സ്വഭാവമാണെന്നും കൈപ്പുസ്തകം അവകാശപ്പെടുന്നു. 

താമരശേരി അതിരൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രം പുറത്തിറക്കിയ സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെയെന്ന കൈപ്പുസ്തകത്തിനെതിരെ രൂക്ഷവിമര്‍ശനം. മുസ്ലിം വിരുദ്ധതയും വിദ്വേഷ പ്രചരണവുമാണ് കൈപ്പുസ്തകത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വ്യാപക ആരോപണം. ക്രിസ്ത്യന്‍ കുട്ടികള്‍ക്കുള്ള വേദപാഠ ക്ലാസിലൂടെയാണ് കൈപ്പുസ്തകം പ്രചരിക്കുന്നത്. നാല് ഭാഗങ്ങളായി തിരിച്ചിട്ടുള്ള കൈപ്പുസ്തകത്തില്‍ മുസ്ലിം വിശ്വാസികള്‍ക്കെതിരെ സ്പര്‍ദ്ധ പരത്തുന്ന നിലയിലാണ് വിവിധ വിഷയങ്ങളേക്കുറിച്ച് പ്രതിപാദിക്കുന്നത്. 

ലൗ ജിഹാദ് സംബന്ധിച്ച് വളരെ വിശാലമായി തന്നെ കൈപ്പുസ്തകം പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളോട് ആശയവിനിമയം ചെയ്യുന്നത്. ലൗ ജിഹാദ് എന്ന പ്രണയക്കെണി ഒന്‍പത് ഘട്ടങ്ങളിലായാണ് നടക്കുന്നതെന്നും കെണികളില്‍ വീഴാതിരിക്കാനുള്ള മുന്‍കരുതലുകളും ഹെല്‍പ് ലൈന്‍ നമ്പറുകളും പുസ്തകം നല്‍കുന്നുണ്ട്.

കൌമാരകാലഘട്ടങ്ങളില്‍ പെണ്‍കുട്ടികളുടെ മനശാസ്ത്രം മനസിലാക്കിയാണ് ജിഹാദികളുടെ പ്രവര്‍ത്തനമെന്നും പുസ്തകം സമര്‍ത്ഥിക്കുന്നു. പ്രത്യക്ഷത്തില്‍ പ്രണയ വിവാഹം എന്നുതോന്നിക്കുമെങ്കിലും പ്രണയത്തെ ആയുധമാക്കി ഇസ്ലാമിനെ വളര്‍ത്തുന്ന രീതിയാണ് ലൗ ജിഹാദെന്നും പുസ്തകം വിശദമാക്കുന്നു. 

ലൗ ജിഹാദിന്‍റെ ഒരു ഘട്ടത്തില്‍ പെണ്‍കുട്ടികളെ വശീകരിക്കാനായി ഇസ്ലാം മതപുരോഹിതന്മാര്‍ വഴി കൈവിഷം നല്‍കുന്നുവെന്നും പുസ്തകം പറയുന്നു. ഇസ്ലാം അവതരിപ്പിക്കുന്ന അള്ളാഹു എന്ന് ദൈവത്തിന് അവര്‍ കല്‍പിക്കുന്ന സ്വഭാവം ഈശോ മുന്നറിയിപ്പ് തരുന്നതുപോലെ സാത്താന്‍റെ സ്വഭാവമാണെന്നും കൈപ്പുസ്തകം അവകാശപ്പെടുന്നു.

അള്ളാഹുവിന്‍റെ സ്വഭാവം മുസ്ലിമുകളെ മാത്രം സ്നേഹിക്കുന്നതാണെന്നും ക്രിസ്ത്യാനികളും യഹൂദരും ബഹുദൈവ വിശ്വാസികളും മറ്റ് ദൈവങ്ങളെ ആരാധിക്കുന്നവര്‍ വെറുക്കപ്പെടേണ്ടതാണെന്നും .അവരെ കൊല്ലുന്നവര്‍ക്ക് അള്ളാഹു സ്വര്‍ഗം നല്‍കുമെന്നും അവരെ കൊല്ലാനായി ചാവേറുകളാവുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ ഉന്നത പദവി നല്‍കുമെന്നും കൈപ്പുസ്തകം പ്രചരിപ്പിക്കുന്നു.

താമരശേരി രൂപതയുടെ ഔദ്യോഗിക വെബ്സൈറ്റിലെ വിവരം അനുസരിച്ച് 123 വേദപാഠ സ്കൂളുകളാണ് രൂപതയിലുള്ളത്. 1552 അധ്യാപകരും 20400 വിദ്യാര്‍ത്ഥികളും ഈ വേദപാഠ സ്കൂളുകളിലുണ്ട്. 

എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും കൈകാര്യം ചെയ്യുന്നത് വേദപാഠ വിഭാഗമാണെന്നുമാണ് താമരശേരി രൂപത വക്താവ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona