നടപ്പാതയിലെ കൈവരിയും ഇലക്ട്രിക് പോസ്റ്റും ഇടിച്ചിട്ട വാഹനം ഹോട്ടലിന്റെ മുൻവശത്തെ ക്യാമ്പിനും തകർത്താണ് നിന്നത്
പത്തനംതിട്ട: നിർത്തിയിട്ട കെ എസ് ആർ ടി സി ബസ് ഉരുണ്ട് റോഡിന് എതിർ ദിശയിലെ ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം. പത്തനംതിട്ട കോന്നിയിലാണ് അപകടമുണ്ടായത്. സ്റ്റാർട്ടിങ്ങിൽ ഹാൻഡ് ബ്രേക്കിട്ട് നിർത്തിയിരുന്ന കെ എസ് ആർ ടി സി ബസ് ഉരുണ്ട് പോയെങ്കിലും വൻ അപകടം ഒഴിവായത് ഭാഗ്യമായി.
കോന്നി - ഊട്ടുപാറ സർവീസ് നടത്തുന്ന ബസാണ് ഉരുണ്ട് പോയത്. കെ എസ് ആർ ടി സി ഓപ്പറേറ്റിംഗ് സെന്‍ററിൽ നിന്നാണ് ബസ് ഉരുണ്ട് പുറത്തേക്ക് വന്നത്. നടപ്പാതയിലെ കൈവരിയും ഇലക്ട്രിക് പോസ്റ്റും ഇടിച്ചിട്ട വാഹനം ഹോട്ടലിന്റെ മുൻവശത്തെ ക്യാമ്പിനും തകർത്താണ് നിന്നത്. സംസ്ഥാനപാത മറികടന്ന് ആണ് ബസ്സ് റോഡിന് മറുവശത്തേക്ക് പോയത്. കെ എസ് ആർ ടി സി ബസിന്‍റെ മുൻവശത്തെ ചില്ല് ഉടഞ്ഞു.
നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറി, നെടുമങ്ങാട് ഡിപ്പോയിലെ കണ്ടക്‌ടർ മരിച്ചു
അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത തിരുവനന്തപുരം ചുള്ളിമാനൂരിന് സമീപം കൊച്ചാട്ടുകാലിൽ നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു എന്നതാണ്. ബൈക്ക് നിയന്ത്രണം വിട്ട് കെ എസ് ആർ ടി സി ബസിലേക്ക് ഇടിച്ചു കയറി നെടുമങ്ങാട് കെ എസ് ആർ ടി സി ഡിപ്പോയിലെ താൽക്കാലിക കണ്ടക്‌ടർ പാലോട് പച്ച സ്വദേശി അനിൽകുമാർ ( 53) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ആറ്റിങ്ങൽ - ചുള്ളിമാനൂർ റോഡിലൂടെ കടന്നുവന്ന ബസിലേക്ക് അനിൽകുമാറിന്‍റെ ബൈക്ക് നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കുളത്തുപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ബസിലാണ് നെടുമങ്ങാട് നിന്ന് നന്ദിയോട് ഭാഗത്തേക്ക് പോയ ബൈക്ക് കൂട്ടിയിടിച്ചത്. അപകടത്തിന് പിന്നാലെ അനിൽകുമാറിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്.
