Asianet News MalayalamAsianet News Malayalam

വിശ്വാസം നഷ്ടപ്പെട്ട ഈ സേനയ്ക്ക് വേണ്ടി 3000 കോടി എന്തിനാണ് മലയാളികൾ ചെലവാക്കുന്നത് ? ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹരീഷ് വാസുദേവന്‍

പൊലീസ് ചെയ്യേണ്ട പണി പൊലീസ് ചെയ്യാതെ മറ്റ് സംവിധാനങ്ങളെ ഏല്‍പ്പിക്കുകയാണെങ്കില്‍ പിന്നെ പൊലീസ് സേന എന്തിനാണെന്നും അതിനായി മലയാളികള്‍ പ്രതിവര്‍ഷം 3000 കോടിയോളം രൂപ ചെലവഴിക്കുന്നതെന്തിനാണെന്നും അഡ്വ.ഹരീഷ് വാസുദേവന്‍ ചോദിക്കുന്നു.

harish vasudevan against kerala police in nedumkandam case
Author
Thiruvananthapuram, First Published Jul 6, 2019, 8:50 AM IST

 


തിരുവനന്തപുരം: പൗരന്‍റെ സ്വത്തിനും ജീവനും സംരക്ഷണമേകേണ്ട പൊലീസ് സേന പരാജയമാണെന്ന് മുഖ്യമന്ത്രി തന്നെ പറയാതെ പറഞ്ഞ സ്ഥിതിക്ക് 3000 കോടി രൂപയോളം പ്രതിവര്‍ഷം ചെലവിട്ട് എന്തിനാണ് മലയാളികള്‍ പൊലീസ് സേനയെ നിലനിര്‍ത്തുന്നതെന്ന് രൂക്ഷമായി വിമര്‍ശിച്ച് അഡ്വ.ഹരീഷ് വാസുദേവന്‍. തന്‍റെ ഫേസ്ബുക്ക് പേജിലാണ് ഹരീഷ് വാസുദേവന്‍, പൊലീസിന്‍റെ  ക്രിമിനല്‍ സ്വഭാവത്തിനെതിരെയും നിഷ്ക്രിയത്വത്തിനെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. 

പൊലീസ് നെടുങ്കണ്ടത്ത് ഒരു പൗരനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച് കൊന്ന് തെളിവ് നശിപ്പിച്ചു. എന്നിട്ടും അത് അന്വേഷിക്കാന്‍ പൊലീസ് സേനയില്‍ വിശ്വസ്തനായ ഒരു ഉദ്യോഗസ്ഥനില്ല. പകരം ജസ്റ്റിസ് നാരായണ കുറുപ്പിനാണ് അന്വേഷണ ചുമലത. ക്രിമിനൽ അന്വേഷണമോ, അന്വേഷണ റിപ്പോർട്ടുകളോ വിലയിരുത്തി പരിജയമില്ലാത്ത ജസ്റ്റിസ് നാരായണ കുറുപ്പിനെ പൊലീസ് തന്നെ പ്രതിയായ കേസിന്‍റെ അന്വേഷണ ചുമതല ഏല്‍പ്പിക്കുന്നതോടെ പൊലീസില്‍ അത് ചെയ്യാന്‍ കഴിവുള്ള ഉന്നതോദ്യോഗസ്ഥരില്ല എന്നല്ലേ മുഖ്യമന്ത്രി പറയാതെ പറയുന്നതെന്നും അഡ്വ. ഹരീഷ് വാസുദേവന്‍ ചോദിക്കുന്നു. 

പൊലീസ് ചെയ്യേണ്ട പണി പൊലീസ് ചെയ്യാതെ മറ്റ് സംവിധാനങ്ങളെ ഏല്‍പ്പിക്കുകയാണെങ്കില്‍ പിന്നെ പൊലീസ് സേന എന്തിനാണെന്നും അതിനായി മലയാളികള്‍ പ്രതിവര്‍ഷം 3000 കോടിയോളം രൂപ ചെലവഴിക്കുന്നതെന്തിനാണെന്നും അഡ്വ.ഹരീഷ് വാസുദേവന്‍ ചോദിക്കുന്നു.


അഡ്വ.ഹരീഷ് വാസുദേവന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം: 

ആഭ്യന്തര വകുപ്പ് പരാജയമാണെന്നു ആരാണ് പറഞ്ഞത്??

പോലീസ് സേനയിൽ കോൺസ്റ്റബിൾ മുതൽ ലക്ഷങ്ങൾ പ്രതിമാസശമ്പളം വാങ്ങുന്ന DGP മാർ വരെ, ലോക്കൽ പൊലീസെന്നും ക്രൈംബ്രാഞ്ചേന്നും വിജിലൻസെന്നും സ്‌പെഷ്യൽ ബ്രാഞ്ച് എന്നുമൊക്കെയുള്ള പേരിൽ നാം തീറ്റിപ്പോറ്റുന്നത് പൗരന്റെ സ്വത്തിനും ജീവനും സംരക്ഷണമേകാനാണ്.

3000 കോടിയിലധികം രൂപയാണ് ഈ ആഭ്യന്തര വകുപ്പിന്റെ തീറ്റിപ്പോറ്റാൻ ഓരോ വർഷവും ഈ കൊച്ചു സംസ്ഥാനം ചെലവിടുന്നത്. അതിൽ നല്ലപങ്കും ശമ്പളമായും.

ഈ സേനയിലെ കാക്കിയിട്ട ചില ക്രിമിനലുകൾ സംഘം ചേർന്ന് നെടുങ്കണ്ടത്ത് ഒരു പൗരനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത്, മർദ്ദിച്ചു കൊന്നിട്ട് തെളിവുകൾ നശിപ്പിച്ചു. അത് സത്യസന്ധമായി, നീതിയുക്തമായി അന്വേഷിക്കാൻ നമ്മളീ തീറ്റിപ്പോറ്റുന്ന 50,000 ൽപ്പരം വരുന്ന സേനയിൽ നിന്ന് വിശ്വസിക്കാവുന്ന ഒറ്റയൊരാൾ പോലും ഇല്ലെന്ന് !! ഒരുത്തനോ ഒരുത്തിയോ പോലും !!! മരുന്നിന് ഒരെണ്ണം !!

ഒരു കേസന്വേഷണം എങ്ങനെ വേണമെന്ന് നോക്കാൻ എണ്ണമറ്റ IPS കാരെ, DIG മാരെ, IG മാരെ ഒക്കെ നമ്മൾ കാറും വീടും സകല സുഖസൗകര്യങ്ങളും പലപ്പോഴും കിമ്പളവും കൊടുത്ത് തീറ്റിപ്പോറ്റുന്നു.. എത്രയെത്ര സർക്കുലറുകൾ, സർക്കാർ ഉത്തരവുകൾ, ട്രെയിനിങ്ങുകൾ.... ഇതിൽപ്പലർക്കും അന്വേഷണം പഠിക്കാൻ വിദേശത്ത് പോകാൻ സർക്കാർ ചെലവിട്ട ലക്ഷങ്ങളോ കോടികളോ !!!!

എന്നിട്ടത് വിശ്വസനീയമായി അന്വേഷിക്കാൻ ആഭ്യന്തര വകുപ്പിന് കീഴിൽ പണിയെടുക്കുന്ന ഒറ്റയോരാൾ ഇല്ലെന്ന് ആഭ്യന്തരവകുപ്പ് തന്നെ സമ്മതിച്ചിരിക്കുന്നു !! പ്രതിപക്ഷം ചോദിച്ചപ്പോ അപ്പോത്തന്നെ ജുഡീഷ്യൽ അന്വേഷണം !! അതിനു പ്രത്യേക പണം, പ്രത്യേക ഓഫീസ്, പ്രത്യേക സംവിധാനം.... എല്ലാം എല്ലാം...

ജസ്റ്റിസ്.നാരായണക്കുറുപ്പിന് എത്ര കൊലക്കേസ് അന്വേഷിച്ച് പരിചയമുണ്ട്? ക്രിമിനൽ അന്വേഷണമാണോ അന്വേഷണ റിപ്പോർട്ടുകൾ വിലയിരുത്തി നിയമം നോക്കുന്ന പണിയാണോ അങ്ങേര് സർവ്വീസിലിരിക്കുമ്പോൾ ചെയ്തു ശീലിച്ചത്? എല്ലാക്കേസും സേനയ്ക്ക് പുറത്തുള്ള ആളുകളെ ഏൽപ്പിച്ചാലേ ജനത്തിന് വിശ്വാസം വരൂ എന്നാണെങ്കിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ട ഈ സേനയ്ക്ക് വേണ്ടി എന്തിനാണ് 3000 കോടിരൂപ പ്രതിവർഷം ഞങ്ങൾ മലയാളികൾ ചെലവാക്കുന്നത്??

പിന്നെന്തിനാണ് മുഖ്യമന്ത്രീ ഞങ്ങൾ മലയാളികൾ ഈ ആഭ്യന്തര വകുപ്പിനെ നികുതിപ്പണം കൊടുത്ത് ഇങ്ങനെ തീറ്റിപ്പോറ്റുന്നത്? പറയൂ, നിങ്ങളെ ജനങ്ങൾ ഏൽപ്പിച്ച പണി outsource ചെയ്തിട്ട് ഈ ആഭ്യന്തര വകുപ്പ് പൂർണ്ണ പരാജയമാണെന്ന് നിങ്ങൾ തന്നെയല്ലേ ജനങ്ങളോട് പറയാതെ പറയുന്നത്?? ഞങ്ങളെന്ത് മനസിലാക്കണം?

അഡ്വ.ഹരീഷ് വാസുദേവൻ.

 

Follow Us:
Download App:
  • android
  • ios