കല്‍പ്പറ്റ: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍  നടത്തിയ ഹര്‍ത്താലിനിടെ സുല്‍ത്താന്‍ബത്തേരിയിലും പരിസരപ്രദേശങ്ങളിലും അക്രമം നടത്തിയവരെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. 13 പേരെയാണ് ആദ്യഘട്ടം അറസ്റ്റ് ചെയ്തിരിക്കുന്നത്.

നിധിന്‍, മിഥുന്‍, സന്ദീപ്, ബിജോഷ്, രജീഷ്, പ്രമോദ്കുമാര്‍, സനില്‍ കുമാര്‍, സജി കുമാര്‍, സുമേഷ്, പ്രജിത്ത്, രാജു, രതീഷ്, ശങ്കുണ്ണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഹര്‍ത്താലില്‍ രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളിലാണ് അറസ്റ്റ്.  ഇതില്‍ ആറ് പേരെ ഇന്നലെ തന്നെ റിമാന്റ് ചെയ്തു. നാല് പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മൂന്ന് പേര്‍ക്ക് ജാമ്യം ലഭിച്ചു. 

കാറുകള്‍, ലോറി, കെഎസ്ആര്‍ടിസി ബസ് എന്നിവ ആക്രമിച്ച് ചില്ലുകള്‍ എറിഞ്ഞ് തകര്‍ക്കുകയും, നഗരത്തിലെ ബേക്കറി കല്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്‌തെന്നാണ് പ്രതികള്‍ക്കെതിരെയുള്ള കേസ്. അന്വേഷണം തുടരുമെന്ന് ബത്തേരി പോലീസ് അറിയിച്ചു.