Asianet News MalayalamAsianet News Malayalam

പുല്‍വാമയില്‍ വീരമൃത്യൂ വരിച്ച വസന്തകുമാറിന് ഇന്ന് ജന്മനാട് വിടചൊല്ലും

നേരത്തെ പഞ്ചാബില്‍ സേവനം അനുഷ്ഠിച്ചിരുന്ന വസന്തകുമാര്‍ ഈ മാസം രണ്ടിന് നാട്ടിലെത്തിയിരുന്നു. എട്ടാം തീയതി വരെ നാട്ടിലുണ്ടായിരുന്ന വസന്തകുമാര്‍  ഹവില്‍ദാര്‍ ആയി സ്ഥാനക്കയറ്റം കിട്ടി പരിശീലനത്തിനാണ് പുല്‍വാമയിലേക്ക് പോയ്ത്. 

havildar vv vasandhakumars funeral today
Author
Wayanad, First Published Feb 16, 2019, 8:18 AM IST

കല്‍പ്പറ്റ: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ ചാവേര്‍ ആക്രമണത്തില്‍ വീരമൃത്യൂവരിച്ച സിആര്‍പിഎഫ് ജവാന്‍ വി വി വസന്തകുമാര്‍ (42) ന് ഇന്ന് ജന്മാനാട് വിടനല്‍കും. ഉച്ചയോടെ ഭൗതീകശരീരം എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. നേരത്തെ രാവിലെ ഒന്‍പത് മണിയോടു കൂടി എത്തുമെന്നായിരുന്നത് റിപ്പോര്‍ട്ട്. 

വിമാനത്താവളത്തില്‍ ഔദ്യോഗിക ബഹുമതികളോട് ഏറ്റുവാങ്ങുന്ന മൃതദേഹം കരിപ്പൂരില്‍ നിന്നും റോഡ് മാര്‍ഗമായിരിക്കും വയനാട്ടിലേക്ക് കൊണ്ടുവരിക. തുടര്‍ന്ന് ലക്കിടി ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. പൊതുദര്‍ശനത്തിന് ശേഷം തൃക്കൈപ്പറ്റ വാഴക്കണ്ടി കോളനിയിലെ കുടുംബശ്മശാനത്തില്‍ പൂര്‍ണ സൈനീക ബഹുമതികളോടെ സംസ്‌കരിക്കും. ചടങ്ങില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, സംസ്ഥാനസര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ പങ്കെടുക്കും. 

വൈത്തിരി പൂക്കോട് വെറ്ററിനറി കോളേജിന് സമീപം വാഴക്കണ്ടിവീട്ടില്‍ വസന്തുകുമാര്‍ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതായി വെള്ളിയാഴ്ചയാണ് വീട്ടുകാര്‍ക്ക് ഔദ്യോഗിക വിവരം ലഭിച്ചത്. സി.ആര്‍.പി.എഫ് 82-ാം ബറ്റാലിയന്‍ അംഗമാണ് ഇദ്ദേഹം. നേരത്തെ പഞ്ചാബില്‍ സേവനം അനുഷ്ഠിച്ചിരുന്ന വസന്തകുമാര്‍ ഈ മാസം രണ്ടിന് നാട്ടിലെത്തിയിരുന്നു. എട്ടാം തീയതി വരെ നാട്ടിലുണ്ടായിരുന്ന വസന്തകുമാര്‍  ഹവില്‍ദാര്‍ ആയി സ്ഥാനക്കയറ്റം കിട്ടി പരിശീലനത്തിനാണ് പുല്‍വാമയിലേക്ക് പോയ്ത്. 

വ്യാഴാഴ്ച രാവിലെ പുല്‍വാമയിലെത്തിയ വിവരം വീട്ടുകാരെ വിളിച്ച് പറഞ്ഞിരുന്നു. പരേതനായ വാസുദേവന്റെയും ശാന്തയുടെയും മകനാണ്. ഭാര്യ ഷീന പൂക്കോട് വെറ്ററിനറി കോളേജില്‍ താല്‍ക്കാലിക ജീവനക്കാരിയാണ്. മക്കള്‍: മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയായ അനാമിക, യുകെജി വിദ്യാര്‍ഥിയായ അമര്‍ദീപ്.

Follow Us:
Download App:
  • android
  • ios