കഴിഞ്ഞ ജൂണ്‍മാസത്തില്‍ ചട്ടഞ്ചാലിലെ ഒരു വീട്ടിൽ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടുന്നതിന് ഇടയിലാണ് സംഭവം. പാമ്പിനെ പിടികൂടിയ ശേഷം മുഹമ്മദ് വയറിൽ ചവിട്ടി 2 കോഴികളെ പുറത്ത് ചാടിച്ചിരുന്നു. 

കൊച്ചി: പിടികൂടിയ പെരുമ്പാമ്പിന്റെ വയറ്റില്‍ ചവിട്ടി കോഴികളെ പുറത്തെടുത്ത സംഭവത്തില്‍ വനംവകുപ്പിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി. കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ പാമ്പുപിടുത്ത വിദഗ്ധനായ അരങ്ങമാനത്തെ മുഹമ്മദ് പിടികൂടിയ ശേഷം വയറ്റില്‍ ചവിട്ടി വിഴുങ്ങിയ കോഴികളെ പുറത്തെടുക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. 

കഴിഞ്ഞ ജൂണ്‍മാസത്തില്‍ ചട്ടഞ്ചാലിലെ ഒരു വീട്ടിൽ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടുന്നതിന് ഇടയിലാണ് സംഭവം. പാമ്പിനെ പിടികൂടിയ ശേഷം മുഹമ്മദ് വയറിൽ ചവിട്ടി 2 കോഴികളെ പുറത്ത് ചാടിച്ചിരുന്നു. ഈ വീഡിയോ ആരോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. അനിമൽ ലീഗർ ഫോഴ്സ് ഇന്റഗ്രേഷന്റെ ജനറൽ സെക്രട്ടറി എയ്ഞ്ചൽ നായർ ഇതിനെതിരെ വനംവകുപ്പിനെ സമീപിച്ചിരുന്നു. പെരുമ്പാമ്പിനോട് ക്രൂരത കാണിച്ചെന്ന് ആരോപിച്ച് ഇയാള്‍ക്കെതിരെ കേസ് എടുക്കണമെന്നായിരുന്നു എയ്ഞ്ചല്‍ നായരുടെ ആവശ്യം. 

എന്നാല്‍ വനംവകുപ്പ് വിജിലന്‍സിന് നല്‍കിയ പരാതിയില്‍ നടപടിയുണ്ടാവാതിരുന്നതിന് പിന്നാലെയാണ് എയ്ഞ്ചൽ നായർ ഹൈക്കോടതിയെ സമീപിച്ചത്. പരാതി ഫയലില്‍ സ്വീകരിച്ചാണ് കോടതി നോട്ടീസ് പുറപ്പെടുവിച്ചത്. വനംവകുപ്പിനു ജില്ലയിൽ പാമ്പ് പിടുത്തക്കാരില്ലാത്തതിനാൽ നാട്ടിലിറങ്ങുന്ന പാമ്പുകളെ പിടികൂടാൻ ഉപയോഗിക്കുന്ന താൽക്കാലിക ജീവനക്കാരൻ കൂടിയാണ് മുഹമ്മദ്.