ഒന്നാന്തരം ഓണ സദ്യ സ്വയം പാകം ചെയ്ത് പ്രധാനാധ്യാപകന്‍ താരമായി. ചോക്കാട് മാളിയേക്കല്‍ ജി യു പി സ്‌കൂളിലെ പ്രധാന അധ്യാപകനായ ഒ കെ ശിവപ്രസാദാണ് സ്‌കൂളില്‍ സദ്യയൊരുക്കിയത്.

മലപ്പുറം: ഓണമിങ്ങ് അടുത്തതോടെ സ്കൂളുകളെല്ലാം തകൃതിയായ ഓണാഘോഷത്തിന്റെ തിരക്കിലാണ്. ഓണാഘോഷത്തിലെ പ്രധാന ആകര്‍ഷണം സദ്യയാണ്. അവിയല്‍, സാമ്പാര്‍, ഓലന്‍, തോരന്‍, പായസം എല്ലാം ചേര്‍ന്ന് സ്‌കൂളില്‍ ഒന്നാന്തരം ഓണ സദ്യ സ്വയം പാകം ചെയ്ത് പ്രധാനാധ്യാപകന്‍ താരമായി. ചോക്കാട് മാളിയേക്കല്‍ ജി യു പി സ്‌കൂളിലെ പ്രധാന അധ്യാപകനായ ഒ കെ ശിവപ്രസാദാണ് സ്‌കൂളില്‍ സദ്യയൊരുക്കിയത്. ശിവപ്രസാദ് ഇവിടെ എത്തിയതില്‍ പിന്നെ മൂന്ന് വര്‍ഷമായി ഓണ സദ്യയൊരുക്കാന്‍ ഇവിടെ വേറെ ആരെയും വിളിക്കേണ്ടി വന്നിട്ടില്ല.

സദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ രാവിലെ അഞ്ച് മണി മുതല്‍ തുടങ്ങി. കൂടെ മറ്റ് അധ്യാപകരും ചേര്‍ന്നതോടെ കാര്യം എളുപ്പമായി. ഉച്ചയോടെ ഓണാഘോഷ പരിപാടി പൂര്‍ത്തിയാക്കി ആയിരം പേര്‍ക്കുള്ള ഓണസദ്യ ഇലയില്‍ വിളമ്പി. സദ്യയില്‍ മാത്രമല്ല, സ്‌കൂളിന്റെ ഏതു കാര്യത്തിനും പ്രസാദ് മാഷ് തന്നെയാണ് നേതൃത്വം നല്‍കുന്നതെന്ന് കുട്ടികളും അധ്യാപകരും പറഞ്ഞു. സാമൂഹിക സേവന രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന മാഷ്, സ്‌കൂള്‍ മേളകളിലടക്കം നിറഞ്ഞു നില്‍ക്കുന്ന മികച്ച അനൗണ്‍സര്‍ കൂടിയാണ്.