Asianet News MalayalamAsianet News Malayalam

ഇടമലക്കുടിയിലെ കൊവിഡ്: അടിയന്തര നടപടികളുമായി ആരോഗ്യവകുപ്പ്, എംപിക്കും ബ്ലോഗര്‍ക്കുമെതിരെ പ്രതിഷേധം

അന്യര്‍ക്ക് പ്രവേശനം ഇല്ലാതിരുന്ന ഇവിടെ ഇടുക്കി എം പി ഡീൻ കുര്യാക്കോസിന്‍റെയും ബ്ലോഗര്‍ സുജിത് ഭക്തന്‍റെയും സന്ദർശനം വിവാദമാക്കുകയാണ് എൽഡിഎഫിന്‍റെ യുവജന സംഘടനകൾ. സമൂഹമാധ്യമങ്ങളില്‍ സംഘത്തിനെതിരെ രൂക്ഷവിമർശനമാണ് പ്രവർത്തകർ ഉന്നയിക്കുന്നത്. 

health department adopts emergency measures as covid case reported in Edamalakkudy, blogger Sujith Bhakthan and MP Dean Kuriakose feels heat in social media
Author
Edamalakkudy, First Published Jul 14, 2021, 8:59 AM IST

ഇടുക്കി: ഒന്നരവര്‍ഷമായി ഒരു കൊവിഡ് കേസ് പോലുമില്ലാതിരുന്ന ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ കൊവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അടിയന്തര നടപടികളുമായി ആരോഗ്യവകുപ്പ്. കുടികളിൽ നേരിട്ടെത്തിൽ ആദിവാസികൾക്കിടയിൽ പരിശോധനകൾ നടത്താനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. കാലവർഷം അടുത്തുനിൽക്കെ ദുർഘടമായ വഴികളിലൂടെ കുടികളിലെത്തുക സാഹസികമാണെങ്കിലും രോഗത്തെ പ്രതിരോധിക്കുന്നതോടൊപ്പം ആദിവാസികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാണ് പ്രത്യേക സംഘം കുടിയിലേക്ക് തിരിക്കുന്നത്. 

മൂന്നാർ പോലീസിന്‍റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘവും കുടികളിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തും. ഇതിനിടെ അന്യര്‍ക്ക് പ്രവേശനം ഇല്ലാതിരുന്ന ഇവിടെ ഇടുക്കി എം പി ഡീൻ കുര്യാക്കോസിന്‍റെയും ബ്ലോഗര്‍ സുജിത് ഭക്തന്‍റെയും സന്ദർശനം വിവാദമാക്കുകയാണ് എൽഡിഎഫിന്‍റെ യുവജന സംഘടനകൾ. സമൂഹമാധ്യമങ്ങളില്‍ സംഘത്തിനെതിരെ രൂക്ഷവിമർശനമാണ് പ്രവർത്തകർ ഉന്നയിക്കുന്നത്. ഇന്ന് ഡി വൈ എഫ് ഐ - എ ഐ വൈ എഫിന്‍റെ നേതൃത്വത്തിൽ മൂന്നാറിൽ പ്രതിഷേധ പ്രകടനവും സംഘടനകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഒന്നര വർഷമായി കൊവിഡിനെ സ്വയം പ്രതിരോധിച്ച ഇടമലക്കുടിയിൽ രോഗം എത്തിച്ചത് എം പിയോടൊപ്പമെത്തിയ സംഘമാണെന്നുള്ള ക്യാംപെയ്നും പ്രവർത്തകർ നടത്തുന്നുണ്ട്.

ഇരുപ്പ്ക്കല്ല് ഊരിലെ നാൽപതുകാരി, ഇടലിപ്പാറ ഊരിലെ ഇരുപത്തിനാലുകാരൻ എന്നിവർക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. പുറമേ നിന്ന് ആരേയും പ്രവേശിപ്പിക്കാതെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇവിടുത്തെ ജനങ്ങൾ. ഭക്ഷണസാധനങ്ങടക്കം എത്തിക്കാൻ ഇടയ്ക്ക് സർക്കാർ ജീവനക്കാർ മാത്രമാണ് എത്തിയിരുന്നത്. ഇതിനിടയിലാണ് സ്കൂളില്‍ പഠനോപകരണങ്ങള്‍ എത്തിക്കാനായി എത്തിയ എംപിയോടൊപ്പം ബ്ലോഗര്‍ സുജിത് ഭക്തനും മറ്റ് ആളുകളും ഇവിടേക്ക് എത്തിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios