ആലപ്പുഴ: ആലപ്പുഴയലിലെ മുഹമ്മ ഗ്രാമപഞ്ചായത്തിലെ ആരോഗ്യകേന്ദ്രം സബ്‌സെന്റര്‍ സാമൂഹ്യവിരുദ്ധര്‍ താഴിട്ടുപൂട്ടി. മുഹമ്മ ഗ്രാമപഞ്ചായത്ത് 10ാം വാര്‍ഡില്‍ കാവുങ്കല്‍ വടക്കേതറമൂടിന് സമീപം പ്രവര്‍ത്തിച്ചു വരുന്ന പെരുത്തുരുത്ത് സബ് സെന്ററിന്റെ ഗേറ്റാണ് സാമൂഹ്യ വിരുദ്ധര്‍ ഇന്നലെ രാത്രിയില്‍ താഴിട്ട് പൂട്ടിയത്. 

വ്യാഴാഴ്ച രാവിലെ ജോലിക്കെത്തിയ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സിന് സെന്ററില്‍ കയറാനാകാതെ തിരിച്ച് പോകേണ്ടി വന്നു. നേരത്തേ ജോലിയിലുണ്ടായിരുന്നയാള്‍ സ്ഥലം മാറിപ്പോയപ്പോള്‍ താഴും താക്കോലും കൈമാറാതിരുന്നതുകൊണ്ട് കുറച്ച് നാളുകളായി ഗേറ്റ് പൂട്ടാറില്ലായിരുന്നു. 

കൊറോണ വൈറസിന്റെ വ്യാപന സമയത്ത് ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഏറ്റവും അത്യാവശ്യമായ സമയത്താണ് ഗേറ്റ് പൂട്ടി തടസ്സം സൃഷ്ടിച്ചിരിക്കുന്നത്. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.