തൃശൂർ: ഏത് നിമിഷവും നിലംപൊത്താറായ വീട്ടിൽ ഭീതിയോടെ കഴിയുകയാണ് ഹൃദ്രോഗിയായ തലോർ കേലങ്ങത്ത് ഗിരിജനും കുടുംബവും. പ്രളയത്തിൽ ദിവസങ്ങളോളം വീട്ടിൽ വെള്ളം കെട്ടിനിന്നതോടെ ചുമരുകൾ വിണ്ടുകീറി. ജനലുകളും വാതിലുകളും ചിതലരിച്ചു. വർഷങ്ങളോളം പഴക്കമുള്ള വീട് വാസയോഗ്യമല്ലാതായി.

ഹൃദയ സംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയക്ക് വിധേയനായ ഗിരിജന് വീടിന്റെ അറ്റകുറ്റപണികൾ നടത്താനുള്ള പണം കണ്ടെത്താൻ കഴിയാതെ വന്നതോടെ വീടിന് കേടുപാടുകളും വർധിച്ചു. മരുന്ന് വാങ്ങാൻ പോലും ഗതിയില്ലാത്ത ഗിരിജന്റ കുടുംബത്തിന്റെ ഏക ആശ്രയം ഓട്ടുകമ്പനി തൊഴിലാളിയായ ഭാര്യയുടെ തുച്ഛമായ വരുമാനമാണ്. പെയിന്റിംഗ് തൊഴിലാളിയായ ഗിരിജന് അസുഖം മൂലം ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. ഇതിനിടെ രണ്ട് പെൺമക്കളുടെ വിവാഹത്തിനായി വീടിന്റെ ആധാരം പണയപ്പെടുത്തി തലോർ സഹകരണ ബാങ്കിൽ നിന്നെടുത്ത അഞ്ച് ലക്ഷം രൂപയുടെ ലോൺ അടക്കാൻ കഴിയാതെ പലിശയും പിഴപലിശയുമായി.

പ്രളയത്തിൽ തകർന്ന വീട്ടിൽ ഒരു വിധം കഴിഞ്ഞുകൂടുന്നതിനിടെയാണ് ഇത്തവണത്തെ മഴക്കെടുതി ഗിരിജന്റെ കുടുംബത്തിന്റെ അടിത്തറ ഇളക്കിയത്. വീടിന്റെ മേൽക്കൂര തകർന്നു വീഴാറായ അവസ്ഥയിലായി. ചോർന്നൊലിക്കുന്ന വീടിന് മുകളിൽ പ്ലാസ്റ്റിക് ഷീറ്റിട്ടാണ് ഈ നിർധന കുടുംബം തലചായ്ക്കുന്നത്. പ്രളയാനന്തരം ഒരു വർഷത്തോളം വീട് നിർമ്മാണത്തിനും അറ്റകുറ്റപണികൾക്കും വേണ്ടി സഹായം തേടി അധികാരികളുടെ മുന്നിൽ കൈനീട്ടിയെങ്കിലും ആരും കനിഞ്ഞില്ല. ഇടിഞ്ഞു വീഴാറായ വീട് വാസയോഗ്യമാക്കാനും തന്റെ ചികിത്സാ ചിലവിനും സർക്കാർ സഹായം ലഭിക്കാതായതോടെ സുമനസുകളുടെ കാരുണ്യം തേടുകയാണ് ഗിരിജനും കുടുംബവും.