തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പല കോണുകളില്‍ നിന്നും സഹായങ്ങള്‍ എത്തിത്തുടങ്ങിയിരിക്കുന്നു. കൂട്ടിവച്ച കുടുക്ക പൊട്ടിച്ച് നല്‍കിയവരും. സ്കൂട്ടറ് വിറ്റ് പണം നല്‍കിയവരും വരെ ഇക്കൂട്ടത്തിലുണ്ട്. ഇവിടെ അതിനെല്ലാം അപ്പുറം വേദനയുടെ രുചിയറിയുന്ന ഒരു സഹജീവിയാണ് താരമാകുന്നത്.  മകന്റെ ചികിത്സക്കായി കരുതിവച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനൊരുങ്ങുകയാണെന്ന് അടൂര്‍ സ്വദേശി അനസ്.

മകന് ആര്‍സിസിയില്‍ ചികിത്സക്കായി വച്ചിരുന്ന തുക മുഴുവനായി ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കാന്‍ അനസും കുടുംബവും തീരുമാനിക്കുകയായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടിലാണ്. എങ്കിലും എല്ലാം നഷ്ടപ്പെട്ടവരോളം വരില്ലല്ലോ. എന്നായിരുന്നു അനസ് കുറിച്ചത്

കുറിപ്പിങ്ങനെ...

വരുന്ന വെള്ളിയാഴ്ച മകനെയും കൊണ്ട് വീണ്ടും RCCയില്‍ അഡ്മിറ്റാകുവാണ്.

സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലൂടെയാണ് ഞാനും എന്റെ കുടുംബവും, പക്ഷെ മഹാ പ്രളയത്തില്‍ എല്ലാം നഷ്ടപെട്ടവരുടെ അത്രയും വരില്ലല്ലോ

ചികിത്സക്കായി കരുതി കൂട്ടി വെച്ചിരുന്ന പൈസയും കഴിഞ്ഞാഴ്ച കുട്ടിയുടെ ചികിത്സക്കായി 2 പേര്‍ സഹായിച്ചത് ഉള്‍പെടെ ചേര്‍ത്ത് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാന്‍ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു …..

അതിജീവിക്കും നമ്മുടെ കേരളം …