കൊല്ലം: കനത്ത മഴയില്‍ മത്സ്യ കൃഷി മേഖലയ്ക്ക് കനത്ത നഷ്ടം. വെള്ളം കയറി മീനുകള്‍ ഒഴുകി പോയതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. കൊല്ലം ജില്ലയില്‍ മാത്രം പത്തര ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഈ മേഖലയില്‍ ഉണ്ടായത്.

സമ്മര്‍ലാന്റ് എന്ന പേരിൽ 10 വര്‍ഷമായി ഫാം നടത്തുന്നയാളാണ് വെളിയം സ്വദേശി വിനോദ് കുമാര്‍. 10 ടണ്‍ വിളവെടുക്കൽ ലക്ഷ്യമിട്ട് വിനോദ് നാലുമാസം മുൻപ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കട്ട്ല , രോഹു , ഗിഫ്റ്റ് തിലാപിയ, ആസാംവാള , മൃഗാൾ എന്നീ മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. വളര്‍ച്ച പൂര്‍ണമായി വിളവെടുപ്പിനും സമയമായിരുന്നു. അപ്പോഴാണ് ഇടിത്തീപോലെ കനത്ത മഴ എത്തിയത്. രാത്രിയില്‍ തോരാതെ പെയ്ത മഴ വിനോദിന്‍റെ സ്വപ്നങ്ങള്‍ കൂടിയാണ് ഒഴുക്കിക്കളഞ്ഞത്. തണുപ്പ് കൂടിയതോടെ മീൻ കുഞ്ഞുങ്ങളും ചത്തുപൊങ്ങി.

ഇത്തരത്തിൽ കൊല്ലം ജില്ലയില്‍ മാത്രം 10.36 ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയട്ടുള്ളത്. 3.21 ഹെക്ടര്‍ പ്രദേശത്താണ് കൃഷിനാശം. ശുദ്ധജല കാര്‍പ്പ് മത്സ്യകൃഷിയാണ് നശിച്ചതിലേറെയും.