തീരദേശ മേഖലയില്‍ കടുത്ത ആശങ്കയും ഭീതിയും പരത്തി വേമ്പനാട്, കൈതപ്പുഴ കായലുകള്‍കര കവിഞ്ഞൊഴുകുന്നു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് അതിര്‍ത്തിയിലെ തീരമേഖല ബുധനാഴ്ച മുതല്‍ വേലിയേറ്റ രൂക്ഷത അനുഭപ്പെട്ടിരുന്നു. എന്നാല്‍ അതിരൂക്ഷവും സങ്കീര്‍ണ്ണവുമായത് ഇന്നലെ രാവിലെ മുതലാണ്. താഴ്ന്ന പ്രദേശങ്ങളിലേയ്ക്ക് ജലം ഇരച്ചുകയറുകയായിരുന്നു. 

ആലപ്പുഴ: തീരദേശ മേഖലയില്‍ കടുത്ത ആശങ്കയും ഭീതിയും പരത്തി വേമ്പനാട്, കൈതപ്പുഴ കായലുകള്‍കര കവിഞ്ഞൊഴുകുന്നു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് അതിര്‍ത്തിയിലെ തീരമേഖല ബുധനാഴ്ച മുതല്‍ വേലിയേറ്റ രൂക്ഷത അനുഭപ്പെട്ടിരുന്നു. എന്നാല്‍ അതിരൂക്ഷവും സങ്കീര്‍ണ്ണവുമായത് ഇന്നലെ രാവിലെ മുതലാണ്. താഴ്ന്ന പ്രദേശങ്ങളിലേയ്ക്ക് ജലം ഇരച്ചുകയറുകയായിരുന്നു. 

ഇതേ തുടര്‍ന്ന് അരുക്കുറ്റി, പള്ളിപ്പുറം, പാണാവള്ളി, തൈക്കാട്ടുശ്ശേരി, പെരുംമ്പളം പഞ്ചായത്തുകളിലെ നൂറുകണക്കിനു വീടുകളില്‍ വെള്ളം കയറി. ചില മേഖലകളിലാകട്ടെ ജല നിരപ്പ് ആറ് അടി വരെ ഉയര്‍ന്നിട്ടുണ്ട്. ഒരോ പഞ്ചായത്തിന്റെയും മദ്ധ്യഭാഗങ്ങള്‍ താരതമ്യേന ഉയര്‍ന്നതിനാല്‍ ഈ ഭാഗത്ത് കായല്‍ ജലം എത്തിയിട്ടില്ല. എന്നാല്‍ ഇവര്‍ മഴവെള്ളത്തിന്റെ രൂക്ഷത അനുഭവിക്കുന്നുമുണ്ട്. ഇതാകട്ടെ അത്ര ഭീതി ജനിപ്പിക്കുന്നതുമല്ലെന്ന ആശ്വാസമുള്ളപ്പൊഴും തീരമേഖലയിലെ ദൈന്യത ഇവരെ ആശങ്കപ്പെടുത്തുന്നുമുണ്ട്. 

ബ്ലോക്കതിര്‍ത്തിയിലെ ഒട്ടുമിക്ക സ്‌കൂളുകളും ഇതിനകം ദുരിതാശ്വാസ കേന്ദ്രങ്ങളായ് മാറിക്കഴിഞ്ഞു. ഇതിനു പുറമേ പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നു. ഇവിടങ്ങളിലെല്ലാം തന്നെ ജനപ്രതിനിധികളുടെയും, റവന്യു, ആരോഗ്യ, പോലീസ് വകുപ്പ് അധികൃതരുടെ സമയബന്ധിതമായ ഇടപെടലുകളും ശ്രദ്ധയുമുണ്ട്. വിവിധ രാഷ്ട്രീയസമുദായ സന്നദ്ധ പ്രവര്‍ത്തകരുടെ എല്ലാ വിധ സഹായങ്ങളും ക്യാമ്പുകളില്‍ ലഭിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. 

ഇതോടൊപ്പം അടുത്ത ജില്ലകളില്‍ നിന്നെത്തിയ നൂറുകണക്കിന് നിരാലംബരായ കുടുംബങ്ങള്‍ക്ക് അരൂര്‍ മണ്ഡലത്തിലാകെ ക്യാമ്പൊരുക്കി ആവശ്യമായ സഹായങ്ങള്‍ നാട്ടുകാര്‍ ചെയ്യുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് ആളപായങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ വീടുകള്‍ക്ക് ചില വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നിലവിലെ അവസ്ഥ ഉള്‍പ്രദേശങ്ങളിലുള്ള കുടുംബങ്ങളെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നുമുണ്ട്.