കണ്ണൂർ: തുടർച്ചയായി എത്തുന്ന മഴയും മണ്ണിടിച്ചിലും കാരണം കണ്ണൂർ വിമാനത്താവളത്തിന് പരിസരത്ത് താമസിക്കുന്ന കുടുംബങ്ങൾ ഭീഷണിയിലായിരിക്കുകയാണ്. മണ്ണ് കുത്തിയൊഴുകിയെത്തി നിരവധി വീടുകളും കൃഷി സ്ഥലങ്ങളുമാണ് നശിച്ചത്. കാനാട് ഭാഗത്ത് കഴിഞ്ഞ ദിവസവും വിമാനത്താവളത്തിന്റെ ചുറ്റുമതിലിടി‍ഞ്ഞു.

വിമാനത്താവളത്തിന്റെ അടുത്തഘട്ട വികസനത്തിനായി ഏറ്റെടുക്കാമെന്ന വാഗ്ദാനം ലഭിച്ച ഭൂമിയിലുള്ളവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മണ്ണൊലിപ്പ് രൂക്ഷമായതിനെ തുടർന്ന് വിമാനത്താവളത്തിന്റെ തൊട്ടുതാഴെയുള്ള ഭൂമിയിൽ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. വർഷങ്ങളായി കല്ലും മണ്ണും വെള്ളവും കുത്തിയൊലിച്ചെത്തി പ്രദേശത്തിന്റെ ഘടന തന്നെ മാറിപ്പോയതായി ആക്ഷൻ കമ്മിറ്റി കൺവീണർ മോഹനൻ പറഞ്ഞു.

പ്രദേശത്ത് പുതിയ നീർച്ചാലുകൾ രൂപപ്പെട്ടിട്ടുണ്ട്. ഭൂമി കൃഷിയോഗ്യമല്ലാതായി. വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായ വലിയ പ്രദേശത്ത് വീണ്ടും വെള്ളം കയറിയതായും മോ​ഹനൻ കൂട്ടിച്ചേർത്തു.

അതേസമയം, റൺവേ വികസനത്തിനായി ഭൂമിയേറ്റെടുക്കൽ നടപടികൾ അവസാനഘട്ടത്തിലാണെന്ന് കിയാൽ അധികൃതർ വിശ​ദീകരണം. വെള്ളം ഒഴിഞ്ഞു പോകാൻ കൂടുതൽ ചാലുകൾ നിർമ്മിക്കും. റൺവേക്ക് ആവശ്യമുള്ളതല്ലെങ്കിൽ പോലും ഭീഷണിയിലുള്ള വീടുകൾ കൂടി ഏറ്റെടുക്കും. അടിയന്തിരമായി ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കുമെന്നും കിയാൽ അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്.