മഴ തുടർന്നാൽ ഏതു നിമിഷവും കോളനിയിൽ വെള്ളം കയറുമെന്ന അവസ്ഥയിലാണ്. രണ്ടാം വാർഡിൽ പാവുക്കര മോസ്കോമുക്കിന് വടക്ക് ചിറയിൽകടവിന് സമീപം ഇരുപത്തഞ്ചോളം കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. 

ആലപ്പുഴ : തുടർച്ചയായി പെയ്യുന്ന മഴയിലും കിഴക്കൻ വെള്ളത്തിൻ്റെ വരവിലും ജലനിരപ്പ് ഉയർന്ന് ആലപ്പുഴയിലെ അപ്പർ കുട്ടനാടൻ മേഖലയിൽപ്പെട്ട മാന്നാർ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറൻ ഭാ​​ഗങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. വള്ളക്കാലി, പാവുക്കര പ്രദേശത്തെ പല വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. പടശേഖരങ്ങളിലും തോടുകളിലും വെളളത്തിൽ മുങ്ങിയതോടെ വീടുകളിൽ കഴിക്കുന്നവർ ആശങ്കയിലാണ്.

പാവുക്കരയിൽ വീടിന്റെ പരിസരങ്ങളിൽ വെള്ളം കയറിയതോടെ വാഴ, കപ്പ തുടങ്ങിയ കരകൃഷികൾ നാശത്തിന്റെ വക്കിലെത്തി. പടിഞ്ഞാറൻ മേഖലയിലെ പാവുക്കര വൈദ്യൻ കോളനി, ഇടത്തേ കോളനി, കോവുംപുറം കോളനി എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നുണ്ട്. മഴ തുടർന്നാൽ ഏതു നിമിഷവും കോളനിയിൽ വെള്ളം കയറുമെന്ന അവസ്ഥയിലാണ്. രണ്ടാം വാർഡിൽ പാവുക്കര മോസ്കോമുക്കിന് വടക്ക് ചിറയിൽകടവിന് സമീപം ഇരുപത്തഞ്ചോളം കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. 

മാന്നാർ കുരട്ടിക്കാട് കോട്ടക്കൽ കടവ് പാലത്തിന്റെ മറുകരയിൽ പരുമല ഭാഗത്ത് റോഡിൽ വെള്ളം കയറി ഗതാഗവും മുടങ്ങി. കുരട്ടിശ്ശേരി വില്ലേജ് ഓഫീസർ, വാർഡ് മെമ്പർ എന്നിവർ വീടുകളിലെത്തി സ്ഥിതി പരിശോധിക്കുകയും ആവശ്യം വന്നാൽ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും കുടുംബങ്ങളെ അറിയിച്ചിട്ടുണ്ട്.

മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പടിഞ്ഞാറൻ മേഖലകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പഞ്ചായത്തിലെ 14–ാം വാർഡിലെ ചെങ്കിലാത്ത് ഗവ. എൽപി സ്കൂളിലും പതിനൊന്നാം വാർഡിലെ കുട്ടംപേരൂർ എസ്.കെ.വി സ്‌കൂളിലുമാണ് ക്യാമ്പുകൾ തുറന്നിട്ടുള്ളത്. വീടുകളിൽ വെള്ളം കയറിയ നാലു കുടുംബത്തിലെ 20 പേരാണ് ചെങ്കിലാത്ത് സ്‌കൂളിലെ ക്യാംപിലുള്ളത്. എസ്.കെ.വി സ്‌കൂളിൽ ഒരു കുടുംബത്തിലെ രണ്ടുപേർ മാത്രമാണ് എത്തിയിട്ടുള്ളത്.