Asianet News MalayalamAsianet News Malayalam

ശക്തമായ മഴ; കൊച്ചിയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിൽ

കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളും എറണാകുളം ജില്ലയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. വെള്ളകെട്ട് ഉണ്ടായ പ്രദേശങ്ങളിലെ താമസക്കാരെ ആവശ്യമെങ്കില്‍ മാറ്റിപ്പാര്‍പ്പിക്കും

Heavy rain  Flooding in low lying areas of kochi
Author
Kerala, First Published Jul 29, 2020, 5:09 PM IST

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളും എറണാകുളം ജില്ലയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. വെള്ളകെട്ട് ഉണ്ടായ പ്രദേശങ്ങളിലെ താമസക്കാരെ ആവശ്യമെങ്കില്‍ മാറ്റിപ്പാര്‍പ്പിക്കും. സ്ഥിതി വിലയിരുത്താൻ എംഎൽഎമാരുടെ യോഗം വിളിച്ച് മന്ത്രി സുനിൽകുമാർ. പുതുതായി വെള്ളക്കെട്ട് ഉണ്ടായ സ്ഥലങ്ങൾകൂടെ ഓപ്പറേഷൻ ബ്രേക്ക് ത്രൂവിൽ ഉൾപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. കൊച്ചി നഗരത്തിൽ എംജി റോഡിലും, സൗത്ത് കടവന്ത്രയിലും ചിറ്റൂർ റോഡിലും  താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം കയറി. ഇടറോഡുകളില്‍ വെള്ളം കയറിയതോടെ ചില മേഖലകളില്‍ വാഹന ഗതാഗത തടസ്സപ്പെട്ടു. പശ്ചിമ കൊച്ചിയിൽ നിരവധി റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ചിലയിടങ്ങളില്‍ വീടുകള്‍ക്കും കടകള്‍ക്കുള്ളിലും വെള്ളം കയറി.

എറണാകുളം  കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും വെള്ളം കയറി. സര്‍വ്വീസിനെ ബാധിച്ചിട്ടില്ല.  താഴ്ന്ന മേഖലയായ പിആൻഡി കോളനിയിലെ വീടുകളിലും വെള്ളംകയറി. ഇവിടത്തെ ആളുകളെ  കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനാണ് നീക്കം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് താമസസൗകര്യം ഒരുക്കുക.

കൊവിഡ് കണ്ടെയ്ൻമെന്റ് സോണിലടക്കം വെള്ളം കയറിയതാണ് ദുരിതം ഇരട്ടിയാക്കുന്നത്. മുണ്ടംവേലി, ഉദയകോളനി, കമ്മട്ടിപ്പാടം അടക്കം പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ട്. കളമശ്ശേരി വട്ടേക്കുന്നത് മണ്ണിടിഞ് റോഡ് തകർന്നു. 

യെല്ലോ അലർട്ട് നിലവിലുള്ള എറണാകുളത്ത് അടുത്ത ദിവസവും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. മഴയും വെള്ളക്കെട്ടും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുമോ എന്ന ആശങ്കയും ഇതോടെ ശക്തമായി.

Follow Us:
Download App:
  • android
  • ios