തൃശൂര്‍ ജില്ലയില്‍ വീണ്ടും മഴ ശക്തമായി. കനത്ത മഴയെ തുടര്‍ന്ന് മലയോര, തീരദേശ മേഖലകളില്‍ ജാഗ്രത തുടരുകയാണ്. ജലവിതാനം വര്‍ദ്ധിച്ച പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടര്‍ ഒരു അടികൂടി രാത്രിക്ക് മുമ്പേ ഉയര്‍ത്തുമെന്ന മുന്നറിയിപ്പുണ്ട്. ഇവിടെ രണ്ട് സ്ലൂയിസുകള്‍ 18 അടിയും ഷട്ടറുകള്‍ ആറ് അടിയുമാണ് ഉയര്‍ത്തിയിരിക്കുന്നത്.

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ വീണ്ടും മഴ ശക്തമായി. കനത്ത മഴയെ തുടര്‍ന്ന് മലയോര, തീരദേശ മേഖലകളില്‍ ജാഗ്രത തുടരുകയാണ്. ജലവിതാനം വര്‍ദ്ധിച്ച പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടര്‍ ഒരു അടികൂടി രാത്രിക്ക് മുമ്പേ ഉയര്‍ത്തുമെന്ന മുന്നറിയിപ്പുണ്ട്. ഇവിടെ രണ്ട് സ്ലൂയിസുകള്‍ 18 അടിയും ഷട്ടറുകള്‍ ആറ് അടിയുമാണ് ഉയര്‍ത്തിയിരിക്കുന്നത്. ചിമ്മിനി ഡാമിന്റെ നാല് ഷട്ടറുകളും കഴിഞ്ഞ ദിവസം 7.5 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തിയിരുന്നു.

ചാലക്കുടി, കുറുമാലി, കരുവന്നൂര്‍ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തുന്നതോടെ ചാലക്കുടി പുഴയിലെ ഒഴുക്ക് ശക്തമാകും. വെള്ളത്തിന്റെ തോതനുസരിച്ച് പീച്ചിയിലും ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്താനിടയുണ്ടെന്നാണ് സൂചന. നിലവില്‍ ആറ് ഇഞ്ചാണ് ഉയര്‍ത്തിയിരിക്കുന്നത്. വാഴാനിയില്‍ ഷട്ടറുകള്‍ തുറന്നിട്ടുണ്ടെങ്കിലും കൂടുതല്‍ ഉയര്‍ത്തേണ്ട സ്ഥിതിയിലേക്ക് എത്തിയിട്ടില്ല. നിലവില്‍ മൂന്ന് സെന്റീമീറ്ററാണ് ഇവിടെ ഉയര്‍ത്തിയിരിക്കുന്നത്. പ്രളയബാധിതര്‍ക്കായി ജില്ലയില്‍ അഞ്ചിടത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുടരുന്നുണ്ട്.