Asianet News MalayalamAsianet News Malayalam

കനത്ത മഴ, വൈക്കത്ത് വ്യാപക നാശം; മഹാദേവ ക്ഷേത്രത്തിന്‍റെ അലങ്കാര ഗോപുരത്തിന് കേടുപാട്

മരങ്ങൾ കടപുഴകി വീണതോടെ നിരവധി വീടുകളാണ് ഭാഗികമായി തക‍ർന്നത്. പല വീടുകളുടെയും മേൽക്കൂര പറന്ന് പോയി.  പലയിടത്തും വൈദ്യുതപോസ്റ്റുകൾ കടപുഴകിയും ഒടിഞ്ഞും വീണു

heavy rain in vaikkom
Author
Kottayam, First Published May 18, 2020, 11:29 AM IST

കോട്ടയം: ഇന്നലെ രാത്രി പെയ്ത മഴയിൽ കോട്ടയം ജില്ലയിൽ വ്യാപകനാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോട്ടയം വൈക്കത്ത് കനത്ത മഴയിൽ വ്യാപകനാശമുണ്ടായി. നിരവധി വീടുകൾക്ക് കേടുപാടുണ്ടായി. പലയിടത്തും മരങ്ങൾ കടപുഴകി വീണു. മരങ്ങൾ കടപുഴകി വീണതോടെ നിരവധി വീടുകളാണ് ഭാഗികമായി തക‍ർന്നത്. നൂറോളം വീടുകൾക്ക് കേടുപാടുണ്ട്. പല വീടുകളുടെയും മേൽക്കൂര പറന്ന് പോയി. മൂന്ന് പേർക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. കടകളുടെ മേൽക്കൂര പറന്നുപോയിട്ടുമുണ്ട്.

പലയിടത്തും വൈദ്യുതപോസ്റ്റുകൾ കടപുഴകിയും ഒടിഞ്ഞും വീണു. വൈക്കം ടൗണിലും പരിസരത്തും ഇന്നലെ രാത്രി മുതൽ വൈദ്യുതിയില്ല. പോസ്റ്റുകളും മരങ്ങളും വീണ് കിടക്കുന്നതിനാൽ പലയിടത്തും ഗതാഗതവും തടസ്സപ്പെട്ട സ്ഥിതിയാണ്. സമീപ പഞ്ചായത്തുകളിലും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

വൈക്കം മഹാദേവക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിന് കേട് പറ്റി. ഗോപുരത്തിന്‍റെ മുകളിൽ പാകിയിരുന്ന ഓടുകൾ പറന്നുപോയിട്ടുണ്ട്. ടിവി പുരത്തും വീടുകൾക്ക് കേടുപാട് പറ്റിയിട്ടുണ്ട്. വൈക്കത്ത് സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിന് കേട് പറ്റി. ജില്ലയിൽ ഇപ്പോഴും ഇടയ്ക്കിടയ്ക്ക് മഴ തുടരുന്നുണ്ട്. ഇന്ന് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും ജില്ലാ ഭരണകൂടവും അറിയിക്കുന്നുണ്ട്

Follow Us:
Download App:
  • android
  • ios