കൊച്ചി: എറണാകുളം കുണ്ടന്നൂരിലെ ഗതാഗത കുരുക്ക് രൂക്ഷമായി തുടരുന്നു. മേൽപാല നിർമ്മാണത്തോടൊപ്പം റോഡിൽ കുഴികൾ രൂപപ്പെട്ടത്തോടെ മണിക്കൂറുകളോളം കാത്ത് കിടക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. ഇടപ്പള്ളിയിൽ നിന്ന് പാലാരിവട്ടം ജംഗ്ഷനിലെയും വൈറ്റിലയിലേയും ഗതാഗത കുരുക്ക് അഴിച്ച് കുണ്ടന്നൂരെത്തുന്ന യാത്രക്കാർക്ക് അവിടെയും രക്ഷയില്ലാതാവുകയാണ്. റോഡിൽ പ്രത്യക്ഷപ്പെട്ട നിരവധി കുഴികളാണ് യാത്രക്കാരെ സ്വീകരിക്കുക. മഴ പെയ്താൽ അവസ്ഥ കൂടുതൽ രൂക്ഷമാകും.

ഒന്നര വർഷം മുമ്പ് കുണ്ടന്നൂർ മേൽപ്പാലം നിർമ്മാണത്തിനായി റോഡ് വെട്ടി പൊളിച്ചവർ സമാന്തര റോഡുകൾ ഗതാഗത യോഗ്യമാക്കാൻ തുനിഞ്ഞില്ല. കുണ്ടന്നൂരിൽ നിന്ന് തേവരയിലേക്കും മരടിലേക്കും പോകുന്ന വഴികൾ പാലം പണിക്കായി അടച്ചതോടെ ഈ റോഡിൽ യാത്ര ചെയ്യുന്നവർക്കും രക്ഷയില്ലാതായിരിക്കുകയാണ്. കാൽനട യാത്രക്കാർക്ക് ഈ റോഡിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോൾ.

"

റോഡ് മുറിച്ച് കടക്കാൻ മേൽപാലത്തിനടിയിലുള്ള ചെളിനിറഞ്ഞ വഴിയെ ആശ്രയിക്കണം. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് തടസ്സമെന്നാണ് ആരോപണം. സമാന്തര റോഡുകളിലെ കുഴികളടച്ച് താത്കാലിക പരിഹാരമെങ്കിലും കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.