ഹരിപ്പാട്: കാലവര്‍ഷം എത്തുന്നതിന് മുന്നേ ആലപ്പുഴയിലെ തീരദേശ മേഖലകളായ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖലകളില്‍ ശക്തമായ കടലേറ്റം.  ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് കടല്‍ കരയിലേക്ക് കയറാന്‍ തുടങ്ങിയത്. പലയിടങ്ങളിലും തീരദേശ പാതയില്‍ കൂടി വെള്ളം  കിഴക്കോട്ടേക്ക് ഒഴുകി. ഇതുമൂലം ആറാട്ടുപുഴ തെക്ക് പലയിടങ്ങളിലും ഗതാഗത തടസം ഉണ്ടായി. 

കിഴക്ക് കൂടിയുള്ള റോഡിലൂടെയാണ് പല വാഹനങ്ങളും പോയത്. ആറാട്ടുപുഴ, കള്ളിക്കാട്, പെരുമ്പള്ളി, രാമഞ്ചേരി എന്നിവിടങ്ങളിലാണ് കടലേറ്റം ഉണ്ടായത്. റോഡിന് പടിഞ്ഞാറു ഭാഗത്തുള്ള പല വീടുകളിലും വെള്ളം കയറി. തൃക്കുന്നപ്പുഴ പ്രണവം നഗറില്‍ കടല്‍ റോഡ് കവിഞ്ഞൊഴുകി. ചേലക്കാട് മതുക്കല്‍ റോഡില്‍ പലഭാഗത്തും കടലേറ്റം ഉണ്ടായിരുന്നു. 

കടല്‍ വെള്ളത്തോടൊപ്പം മണ്ണും കരയിലേക്ക് അടിച്ചു കയറുന്നുണ്ട്. ദുര്‍ബലമായ കടല്‍ഭിത്തി പലഭാഗങ്ങളിലും  മണ്ണിനടിയില്‍ ആവുകയാണ്.ആറു മണിയോടെ കടല്‍ പൊതുവെ ശാന്തമായി.  എന്നാല്‍ പതിവായി കടലാക്രമണം ഉണ്ടാകുന്ന നല്ലാണിക്കല്‍ പ്രദേശത്ത് നാട്ടുകാര്‍ ഒരാഴ്ച്ച മുന്‍പ് ജെ സി ബി ഉപയോഗിച്ച് മണ്ണ് കൂട്ടി കടല്‍ വെള്ളം തടയാന്‍ ഭിത്തി  നിര്‍മ്മിച്ചിരുന്നു. ഈ പ്രദേശത്ത് പ്രശ്ങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല.