Asianet News MalayalamAsianet News Malayalam

കുട്ടനാടിന് സഹായം മെെസൂരില്‍ നിന്ന്; ഒരു കോടി രൂപയുടെ ദുരിതാശ്വാസ പദ്ധതി

കുട്ടികളുടെ മാനസിക ശാരീരിക ഉന്നമനം, ഉപജീവന സഹായ പദ്ധതികൾ, കുടിവെള്ളം, സാനിട്ടേഷൻ,
മഴവെള്ള സംഭരണികളുടെ നിർമ്മാണം തുടങ്ങി വലിയ പദ്ധതികളാണ് നടപ്പാക്കുന്നത്. രണ്ട്
പഞ്ചായത്തുകളിൽ നിന്ന് രണ്ടായിരത്തിലധികം കുടുംബങ്ങൾക്ക് നേരിട്ട് സഹായം ലഭിക്കും

help of 1 crore to kuttanad from mysore
Author
Kuttanad Taluk, First Published Nov 8, 2018, 9:10 PM IST

കുട്ടനാട്: പ്രളയം തകര്‍ത്ത കുട്ടനാടിന് ഒരു കോടി രൂപയുടെ സഹായഹസ്തവുമായി മെെസൂരില്‍ നിന്നുള്ള സന്നദ്ധ സംഘടന. മൈസൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന റൂറൽ ലിറ്ററസി & ഹെൽത്ത് പ്രോഗ്രാം (ആര്‍എല്‍എച്ച്പി) സംഘടന, സ്വിറ്റ്സര്‍ലാന്‍ഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വിസ് സോളിഡാരിറ്റിയുടെയും ടിഡിഎച്ച് ഫൗണ്ടേഷൻ ജർമ്മനി എന്നീ സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുക.

ചേരിനിവാസികളുടെയും ഗ്രാമീണരുടെയും ഉന്നമനം ലക്ഷ്യമാക്കി മുപ്പത്തിനാല് വർഷമായി കർണാടകയിൽ പ്രവർത്തിക്കുന്ന ആർഎൽഎച്ച്പി പ്രളയ ദുരിതം കൂടുതൽ അനുഭവിച്ച കൈനകരി പഞ്ചായത്തിലെ 1,2,3,5,8, 14 വാർഡുകളും ചമ്പക്കുളത്തെ 5,6,7,13 വാർഡുകളുമാണ് പദ്ധതി നടപ്പാക്കാൻ തെരഞ്ഞെടുത്തിരിക്കുന്നത്.  

കുട്ടികളുടെ മാനസിക ശാരീരിക ഉന്നമനം, ഉപജീവന സഹായ പദ്ധതികൾ, കുടിവെള്ളം, സാനിട്ടേഷൻ, മഴവെള്ള സംഭരണികളുടെ നിർമ്മാണം തുടങ്ങി വലിയ പദ്ധതികളാണ് നടപ്പാക്കുന്നത്. രണ്ട് പഞ്ചായത്തുകളിൽ നിന്ന് രണ്ടായിരത്തിലധികം കുടുംബങ്ങൾക്ക് നേരിട്ട് സഹായം ലഭിക്കും.

500 കുടുംബങ്ങൾക്ക് ഇരുപത് ദിവസം തൊഴിൽ നൽകുന്ന പദ്ധതി, 250 കുടുംബക്കൾക്ക് ടോയ്‍ലറ്റ് സ്ഥാപിക്കൽ, 250 കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് നൽകൽ, 45 കുടുംബങ്ങൾക്ക്  മത്സ്യ ബന്ധന വല നൽകൽ, 500 കുടുംബങ്ങൾക്ക് തെങ്ങിൻ തൈ, മാവ്, പുളിമര ചെടി എന്നിവ നൽകല്‍ തുടങ്ങിയവയാണ് പദ്ധതികള്‍.

പ്രളയത്തിൽ പകച്ച് പോയ വിദ്യാർത്ഥികൾക്ക് വിദഗ്ദ്ധരുടെ കൗൺസിലിംഗ് നൽകുന്ന പദ്ധതി, 20 ചെറുപ്പക്കാർക്ക് മേസ്തരി പണിയിൽ പരിശീലനം നൽകൽ, പൊട്ടിയ പൈപ്പുകൾ നന്നാക്കാൻ 20 പ്ളംമ്പർമാരുടെ സേവനം ലഭ്യമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുമുണ്ട്.

വരുന്ന എട്ട് മാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പാക്കാൻ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്  പ്രതിനിധികൾ , കുടുംബശ്രീ യൂണിറ്റ് പ്രവർത്തകർ, സ്കൂള്‍ അധ്യാപകർ, അംഗനവാടി പ്രവർത്തകർ എന്നിവരടങ്ങിയ മോണിറ്ററിംഗ് കമ്മറ്റിയെ തെരഞ്ഞെടുത്തിട്ടുണ്ട്. അർഹരായവരെ  ഈ കമ്മറ്റിയാണ് കണ്ടെത്തുന്നത്.

Follow Us:
Download App:
  • android
  • ios