സന്നദ്ധ സംഘടനകളുടേയും വിദ്യാർത്ഥികളുടേയും സഹായത്തോടെ ബോധവത്ക്കരണം ആരോഗ്യ വകുപ്പ് ശക്തമാക്കിയിട്ടുണ്ട്

കൊച്ചി: എറണാകുളം വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വാട്ടർ അതോറിറ്റിയുടെ കുടിവെള്ളത്തിൽ നിന്നാണ് ഇവിടെ ആളുകൾക്ക് മഞ്ഞപ്പിത്തം ബാധിച്ചത്. രണ്ട് പഞ്ചായത്തുകളിലായി രണ്ടു പേർ ഇതിനകം മഞ്ഞപിത്തം ബാധിച്ച് മരിച്ചിട്ടുണ്ട്. അമ്പതോളം പേർ വിവിധ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇതിൽ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളത്. പ്രദേശത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സന്നദ്ധ സംഘടനകളുടേയും വിദ്യാർത്ഥികളുടേയും സഹായത്തോടെ ബോധവത്ക്കരണം ആരോഗ്യ വകുപ്പ് ശക്തമാക്കിയിട്ടുണ്ട്.

വേങ്ങൂര്‍ പഞ്ചായത്തിലെ ജോളി, മുടക്കുഴയിലെ സജീവൻ എന്നിവരാണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. അമ്പതോളം പേർ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്.ഇതില്‍ മൂന്നുപേര്‍ ഗുരുതരാവസ്ഥയിലാണ്. വാട്ടര്‍ അതോറിട്ടി ശുദ്ധീകരിക്കാതെ വിതരണം ചെയ്ത കുടിവെള്ളമാണ് രോഗബാധയ്ക്ക് കാരണമെന്നാണ് ആരോപണം. കിണറുകള്‍ കുറവായ പ്രദേശത്ത് ഭൂരിഭാഗം വീട്ടുകാരും കുടിക്കാൻ വാട്ടര്‍ അതോറിറ്റിയുടെ വെള്ളമാണ് ഉപയോഗിക്കുന്നത്.

കിണറിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യാതെയാണ് വാട്ടര്‍ അതോറിറ്റി കുടിവെള്ളമായി വീടുകളിലെത്തിച്ചത്. ഈ വെള്ളം തിളപ്പിക്കാതെ കുടിച്ചവര്‍ക്കാണ് മഞ്ഞപ്പിത്തം പിടിപെട്ടത്. ആരോഗ്യ വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചു. മഞ്ഞപ്പിത്തം പടര്‍ന്നതിന് പിന്നാലെ കിണര്‍ വെള്ളവും പരിസരവും വാട്ടര്‍ അതോറിറ്റി ക്ലോറിനേറ്റ് ചെയ്തു. കുടിവെള്ളം എന്തുകൊണ്ട് നേരത്തെ ശുചീകരിച്ചില്ലെന്ന ചോദ്യത്തോട് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് ഉത്തരമില്ല. വെള്ളം പമ്പ് ചെയ്യുന്ന ജീവനക്കാരൻ ഉണ്ടെന്നതൊഴിച്ചാല്‍ വര്‍ഷങ്ങളായി ഇവിടെ മേല്‍നോട്ടത്തിനും ആളില്ല.

എന്താണ് ഹെപ്പറ്റൈറ്റിസ്?

ശരീരത്തിലെ കരൾ കോശങ്ങളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ് (viral hepatitis). ഹെപ്പറ്റൈറ്റിസ് എന്നാൽ കരളിൻ്റെ വീക്കം എന്നാണ് അർത്ഥമാക്കുന്നത്. പോഷകങ്ങൾ പ്രോസസ്സ് ചെയ്യുകയും രക്തം ഫിൽട്ടർ ചെയ്യുകയും അണുബാധകൾക്കെതിരെ പോരാടുകയും ചെയ്യുന്ന ഒരു സുപ്രധാന അവയവമാണ് കരൾ. 

കരൾ വീക്കുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുമ്പോൾ, അതിൻ്റെ പ്രവർത്തനത്തെ ബാധിക്കാം. അമിതമായ മദ്യപാനം, ചില മരുന്നുകൾ, ചില രോഗാവസ്ഥകൾ എന്നിവ ഹെപ്പറ്റൈറ്റിസിന് കാരണമാകാം. എന്നിരുന്നാലും, ഹെപ്പറ്റൈറ്റിസ് പലപ്പോഴും വൈറസ് മൂലമാണ് ഉണ്ടാകുന്നത്.

ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവയാണ് വൈറൽ ഹെപ്പറ്റൈറ്റിസ് ഏറ്റവും സാധാരണമായ തരം. പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, വയറുവേദന, ഇളം നിറത്തിലുള്ള മലം, സന്ധി വേദന, മഞ്ഞപ്പിത്തം എന്നിവ അക്യൂട്ട് ഹെപ്പറ്റൈറ്റിസിൻ്റെ ലക്ഷണങ്ങളിൽ ഉൾപ്പെടാം. 

വൈറൽ ഹെപ്പറ്റൈറ്റിസിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) എന്നിവയാണ്. രോഗബാധിതരായ ആളുകളുടെ രക്തം, മറ്റു ശരീരസ്രവങ്ങൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് ഈ രോഗങ്ങൾ പ്രധാനമായും പകരുന്നത്.

രോഗിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർക്കും രോഗബാധിതയായ അമ്മയിൽ നിന്നു കുഞ്ഞുങ്ങളിലേക്കും ഈ രോഗം പകരാവുന്നതാണ്. യുഎസിൽ 2021ൽ ഏകദേശം 11,500 പേരെ ഹെപ്പറ്റൈറ്റിസ് എ ബാധിച്ചിരുന്നതായി Centers for Disease Control and Prevention വ്യക്തമാക്കുന്നു. യുഎസിൽ 2021-ൽ ഏകദേശം 69,800 ഹെപ്പറ്റൈറ്റിസ് സി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നതായി വ്യക്തമാക്കുന്നു.

ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) രോഗങ്ങൾക്ക് ഫലപ്രദമായ ആന്റി വൈറൽ ചികിത്സ ലഭ്യമാണ്. ചികിത്സ കൃത്യസമയത്ത് സ്വീകരിക്കുന്നതിലൂടെ രോഗം ഭേദമാക്കുന്നതിനും സിറോസിസ്, ലിവർ കാൻസർ തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് തടയാനും സാധിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്