കുറ്റിപ്പുറത്ത് ആഡംബര വാഹനത്തിന്‍റെ സ്റ്റെപ്പിനി ടയറില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപ വില വരുന്ന എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിലായി. കോട്ടക്കല്‍, തിരൂര്‍, കുറ്റിപ്പുറം, വളാഞ്ചേരി മേഖലകളില്‍ ലഹരി വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായത്.

മലപ്പുറം: കുറ്റിപ്പുറം മഞ്ചാടിയില്‍ ആഡംബര വാഹനത്തിന്‍റെ സ്റ്റെപ്പിനി ടയറില്‍ ഒളിപ്പിച്ച എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍. തിരൂര്‍ കൂട്ടായി സ്വദേശി അബ്ദുല്‍ മുഫാസിർ (33) ആണ് പിടിയിലായത്. ജില്ലാ ഡാന്‍സാഫ് ടീമും കുറ്റിപ്പുറം പൊലീസും ചേര്‍ന്ന് കുറ്റിപ്പുറം മഞ്ചാടിയില്‍ വെച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോട്ടക്കല്‍, തിരൂര്‍, കുറ്റിപ്പുറം, വളാഞ്ചേരി മേഖലകളില്‍ ഹൈവേ കേന്ദ്രീകരിച്ച് ആഡംബര വാഹനത്തില്‍ കറങ്ങി നടന്ന് വൻ തോതിൽ രാസലഹരി വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആഡംബര വാഹനത്തിന്‍റെ സ്റ്റെപ്പിനി ടയറില്‍ മഗ്‌നറ്റില്‍ സെല്ലോ ടേപ്പ് കൊണ്ട് പൊതിഞ്ഞു രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. ചില്ലറ വിപണിയില്‍ 25 ലക്ഷം രൂപ വില വരുന്ന 493.16 ഗ്രാം എംഡിഎംഎയും എട്ട് ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് കണ്ടെടുത്തത്. 2024ല്‍ മല പ്പുറം, കല്‍പകഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ എംഡിഎംഎ വില്‍പന നടത്തിയതിന് പിടിക്കപ്പെട്ട് ജയി ലില്‍ അടയ്ക്കപ്പെട്ട യുവാവ് ജാമ്യത്തില്‍ ഇറങ്ങിയാണ് വീണ്ടും രാസലഹരി വിൽപ്പന നടത്തിയത്.

ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കടത്താന്‍ ഉപഗോഗിച്ച വാഹനവും കണ്ടെടുത്തു. കുറ്റിപ്പുറം പൊലീസ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍, എസ് ഐ കെ എസ് സുധീര്‍, എ എസ് ഐ സുധീര്‍ പി ഡി, പൊലീസ് ഉദ്യോഗസ്ഥരായ സനീഷ്, ലിബിന്‍, മലപ്പുറം പെരിന്തല്‍മണ്ണ തിരൂര്‍ ഡാന്‍സാഫ് ടീം എന്നിവരടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടിയത്.