നിലവില്‍ റോഡ് പൊളിച്ചിട്ട അവസ്ഥയിലാണ്. കോണ്‍ക്രീറ്റ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നിലവിലെ റോഡില്‍ അറ്റകുറ്റ പണികള്‍ കാലങ്ങളായി നടക്കുന്നുമില്ല. കാലവര്‍ഷം കനത്തതോടെ റോഡ് പലയിടങ്ങളിലും ഗതാഗത യോഗ്യവുമല്ലാതായി.
തൃശൂര്‍: തൃശൂര്‍ -കുറ്റിപ്പുറം സംസ്ഥാന പാതയുടെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പുരോഗതി വിശദീകരിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് ഉത്തരവ്. കെ.പി.സി.സി. സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാന പാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നിലവിലെ റോഡ് പൊളിച്ച് കോണ്‍ക്രീറ്റ് റോഡാണ് നിര്‍മിക്കുന്നത്. 2023 ഡിസംബറിലാണ് റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതിനകം നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ 18 ശതമാനം മാത്രമേ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുള്ളൂവെന്നാണ് ഷാജിക്ക് ലഭിച്ച വിവരാവകാശ രേഖ പ്രകാരമുള്ള മറുപടിയില്‍ വ്യക്തമാക്കുന്നത്.
നിലവില്‍ റോഡ് പൊളിച്ചിട്ട അവസ്ഥയിലാണ്. കോണ്‍ക്രീറ്റ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നിലവിലെ റോഡില്‍ അറ്റകുറ്റ പണികള്‍ കാലങ്ങളായി നടക്കുന്നുമില്ല. കാലവര്‍ഷം കനത്തതോടെ റോഡ് പലയിടങ്ങളിലും ഗതാഗത യോഗ്യവുമല്ലാതായി. 2021ലാണ് കോണ്‍ക്രീറ്റ് റോഡിന്റെ നിര്‍മാണം ആരംഭിച്ചത്. തൃശൂര്‍ റൗണ്ടിലെ പാറമേക്കാവ് ജങ്ഷനില്‍നിന്ന് കുറ്റിപ്പുറം വരെയുള്ള 33.23 കിലോമീറ്റര്‍ റോഡിന്റെ നിര്‍മാണത്തിനായി 119 കോടിയായിരുന്നു പ്രാരംഭഘട്ടത്തില്‍ നീക്കിവച്ചതെങ്കിലും പിന്നീട് 218 കോടിയായി ഉയര്‍ത്തി. ഈ റൂട്ടില്‍ ഉള്‍പ്പെടുന്ന പൂങ്കുന്നം മുതല്‍ കുന്നംകുളം വരെയുള്ള 19 കിലോമീറ്റര്‍ ഭാഗത്ത് റോഡുതന്നെ ദൃശ്യമാകാത്തവിധം കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയാണ്.
കുഴിയില്‍ മഴവെള്ളം നിറഞ്ഞതോടെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവായി. ഒച്ചിഴയുന്ന വേഗത്തിലാണ് ഈ വഴി വാഹനങ്ങള്‍ സഞ്ചരിക്കാറ് പതിവ്. ഇതോടെ മേഖലയില്‍ അതിരൂക്ഷ ഗതാഗത കുരുക്കാണ് നിത്യേന അനുഭവപ്പെടുന്നത്. പണിമുടക്കി ബസ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ സമരരംഗത്തിറങ്ങിയിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നാണ് പരാതി. ചിലയിടങ്ങളില്‍ പാറ പൂഴി വിതറി ഓട്ടയടക്കാനുള്ള കണ്‍കെട്ട് വിദ്യ അധികൃതര്‍ പയറ്റുന്നുണ്ടെങ്കിലും കനത്തമഴയില്‍ ഒലിച്ചുപോയി വീണ്ടും ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്ന സാഹചര്യമാണുള്ളത്.
ആദ്യഘട്ടത്തില്‍ റോഡ് നിര്‍മാണ കരാര്‍ എടുത്ത കമ്പനി പിന്നീട് പുതുക്കിയിട്ടില്ല. മറ്റൊരു കമ്പനിക്ക് കരാര്‍ മാറ്റി നല്‍കിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് നിര്‍മാണ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാകുകയും ഗതാഗതം ദുഷ്‌കരമാവുകയും ചെയ്തത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അഡ്വ. കെ.ബി. ഗംഗേഷ് മുഖേന ഹര്‍ജിയുമായി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് ഹൈക്കോടതിയെ സമീപിച്ചത്. കേസ് അടുത്ത മാസം 16ന് വീണ്ടും പരിഗണിക്കും.
Read More : നിപയിൽ ആശ്വാസം: 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്, ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂർത്തിയായി
