കൊച്ചി: മറൈന്‍ഡ്രൈവിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി അമിക്കസ്ക്യൂറിയെ നിയമിച്ചു. വാക് വേ നവീകരിക്കാന്‍ നഗരസഭയും ജിസിഡിഎയും സ്വീകരിച്ച നടപടികള്‍ അമിക്കസ്ക്യൂറി പരിശോധിക്കും. 

ഹൈക്കോടതി നിയോഗിച്ച ഉദ്യോഗസ്ഥന്‍ ഇന്ന് വൈകിട്ട് മറൈന്‍ ഡ്രൈവിലെത്തി പരിശോധനകള്‍ നടത്തും. കോടതിയുടെ നിര്‍ദ്ദേശപ്രകാരം മറൈന്‍ ഡ്രൈവിലെ വാക് വേ നവീകരണത്തിനായി നഗരസഭയും ജിസിഡിഎയും വന്‍തോതില്‍ പണം മുടക്കിയിരുന്നു. വൈകുന്നേരങ്ങളില്‍ വാക് വേയിലെത്തുന്നവര്‍ക്ക് ആവശ്യത്തിന് സൗകര്യങ്ങളൊരുക്കിയെന്നാണ് ഇവര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍,  ഈ വാദത്തെ തള്ളിക്കൊണ്ട്  പൊതുതാല്പര്യ ഹര്‍ജി എത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി വീണ്ടും വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. 

വൈകുന്നേരങ്ങളില്‍ വാക് വേയില്‍ അനധികൃത കച്ചവടക്കാരെത്തുന്നുണ്ടെന്നും അതുകൊണ്ട് സാധാരണക്കാര്‍ക്ക് അവിടെയിരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു എന്നുമാണ് പൊതുതാല്പര്യ ഹര്‍ജിയില്‍ പറയുന്നത്. അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കാര്യങ്ങള്‍ പരിശോധിക്കാന്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ച കോടതി ഹര്‍ജി വീണ്ടും അടുത്തയാഴ്ച പരിഗണിക്കും.