ഒൻപത് വയസുകാരനെ അമ്മ വിറക് കൊള്ളികൊണ്ട് പൊള്ളിച്ചു; അച്ഛന്‍റെ പരാതിയില്‍ അമ്മ അറസ്റ്റില്‍

അമ്പലപ്പുഴ: ഒൻപത് വയസുകാരനായ മകനെ തീ പൊള്ളലേൽപ്പിച്ച യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. വണ്ടാനം സ്വദേശിനിയായ 27കാരിയെയാണ് പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തത്. ബുധനാഴ്ചയായിരുന്നു സംഭവം. ഭർത്താവുമായി പിണങ്ങി കഴിയുകയാണ് യുവതി. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ഭർത്താവ് കുട്ടിയുടെ ഇടത് കൈപത്തിയിൽ പൊള്ളൽ കണ്ട് അന്വേഷിച്ചപ്പോഴാണ് വിറക് കൊള്ളികൊണ്ട് അമ്മ പൊള്ളിച്ച വിവരം പുറത്തായത്. തുടർന്ന് കുട്ടിയുടെ അച്ഛനും ബന്ധുക്കളും ചൈൽഡ് ലൈനിൽ പരാതി നൽകി. ഇവർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് യുവതിയെ അറസ്റ്റു ചെയ്തത്. ഇവരെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.