Asianet News MalayalamAsianet News Malayalam

'ലോകത്തെ മുഴുവൻ മോട്ടിവേറ്റ്‌ ചെയ്ത കോഴിക്കോട്ടെ വ്യാപാരികൾ', ചില ഓർമ്മപ്പെടുത്തലുമായി ഡോ. യാസർ അറഫാത്ത്

നൂറ്റാണ്ടുകൾക്ക് മുൻപ് രാജ്യത്തെത്തിയ ഇബ്ൻ ബത്തൂത്ത അടക്കമുള്ളവരുടെ എഴുത്തുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ഡോ. യാസർ അറഫാത്ത് വിവരിക്കുന്നത്.

historian Yasser Arafath notes in social media viral after pointing out significance of kozhikodes importance in trade for centuries
Author
First Published May 26, 2024, 11:33 AM IST

കോഴിക്കോട്: പ്രസംഗത്തിനിടെ അസഭ്യ വാക്കുകൾ പ്രയോഗിച്ചതിനെ തുടർന്ന് മോട്ടിവേഷൻ പ്രഭാഷകൻ അനിൽ ബാലചന്ദ്രന്‍റെ പരിപാടി നിർത്തിവച്ച സംഭവത്തിൽ ഓർമ്മപ്പെടുത്തലുമായി ചരിത്രകാരൻ ഡോ. യാസർ അറഫാത്ത്. അമേരിക്കയിലെ പെൻസിൽവാനിയ സർവകലാശാലയിൽ ഫുൾബ്രൈറ്റ് സ്കോളർ ആയ ഡോ. യാസർ അറഫാത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാവുന്നത്. കച്ചവടത്തിലും മറ്റും ഇപ്പോഴും വലിയൊരളവിൽ നീതിബോധവും ന്യായ വിചാരങ്ങളും സൂക്ഷിക്കുന്ന, ഇന്ത്യയിലെ വൻകിട വ്യാപാരികൾ ഇപ്പോഴും ജീവിക്കുന്ന നഗരമാണ് കോഴിക്കോട് എന്ന് വിശദമാക്കുന്നതാണ് ഡോ. യാസർ അറഫാത്തിന്റെ കുറിപ്പ്. നൂറ്റാണ്ടുകൾക്ക് മുൻപ് രാജ്യത്തെത്തിയ ഇബ്ൻ ബത്തൂത്ത അടക്കമുള്ളവരുടെ എഴുത്തുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ഡോ. യാസർ അറഫാത്ത് വിവരിക്കുന്നത്.

ഡോ. യാസർ അറഫാത്തിന്റെ കുറിപ്പിന്റെ പൂർണരൂപം

ലോകത്തെ മുഴുവൻ മോട്ടിവേറ്റ്‌ ചെയ്ത കോഴിക്കോട്ടെ വ്യാപാരികൾ!! ഇത് ചരിത്രമാണ്. കോഴിക്കോട്ടെ വ്യാപാരികൾ ലോകത്തെ വ്യാപാരങ്ങളെയും കച്ചവട തന്ത്രങ്ങളെയും നിർണ്ണയിച്ച ഒരു കാലമുണ്ടായിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യപകുതിവരെ അത് തുടർന്നുകൊണ്ടേയിരുന്നു. പതിനാലാം നൂറ്റാണ്ടിൽ ആഫ്രിക്കയിൽ നിന്നും കടൽ വഴി കോഴിക്കോടെത്തിയ ഇബ്ൻ ബത്തൂത്തയാണ് കോഴിക്കോട്ടെ കച്ചവടക്കാർ ഇന്ത്യൻ മഹാസമുദ്രത്തിലുടനീളം ബഹുമാനിക്കപ്പെട്ടവരായി കരുതപ്പെട്ടതിന്റെ കഥ ലോകത്തോട് ആദ്യമായി വിളിച്ചുപറഞ്ഞത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കച്ചവടക്കാർ മലബാറിലെ പല തുറമുഖങ്ങളിലും, പ്രത്യേകിച്ച് കോഴിക്കോട്, വന്നു കച്ചവടം നടത്തുന്നത്തിന്റെ നല്ല ഒരു ചിത്രം തരുന്നുണ്ട് അദ്ദേഹം. 

യമനിൽ നിന്നും പേർഷ്യയിൽ നിന്നും,  ചൈനയിൽ നിന്നും വരുന്ന കച്ചവടക്കാരെ കോഴിക്കോട് എങ്ങിനെയാണ് സ്വീകരിച്ചതെന്ന് നമുക്ക് കാണാൻ കഴിയും ബത്തൂത്തയുടെ വിവരണത്തിൽ. വിദേശത്തു നിന്നുവരുന്ന പല കപ്പലുകളിലെയും ചരക്കുകൾ മുഴുവനായും വാങ്ങാൻ ശേഷിയുള്ള അതി സമ്പന്നരായ കച്ചവടക്കാർ കോഴിക്കോട് തെരുവിൽ പതിനാലാം നൂറ്റാണ്ടിൽ തന്നെയുണ്ടായിരുന്നത്രെ. ആയിരത്തിലധികം പേരെ വഹിച്ചു വരുന്ന ചൈനീസ് കപ്പലുകളും ബത്തൂത്ത പറയുന്ന കപ്പലുകളിൽപെടുന്നതാണ്. ബത്തൂത്തക്കു ശേഷം കോഴിക്കോടിനെ പറ്റി വിശാലമായി എഴുതുന്നത് അബ്ദുർറസാക്ക് എന്ന നയതന്ത്ര-യാത്രികനാണ്. തിമൂറിഡ് രാജാവായ ഷാരൂഖിന്റെ അംബാസഡറായിട്ടാണ് അദ്ദേഹം പതിഞ്ചാം നൂറ്റാണ്ടിൽ കോഴിക്കോടെത്തുന്നത്. അബിസ്സീനിയയിൽ നിന്നും സാന്സിബാറിൽ നിന്നും ഹിജാസിൽ നിന്നും കോഴിക്കോട് കച്ചവടത്തിന് വരുന്ന വ്യാപാരികളെ പറ്റി അദ്ദേഹം പറയുന്നു.

എന്താണ് കോഴിക്കോട് നഗരത്തിന്റെ പ്രത്യേകത? അവിടെയുള്ള തുറമുഖത്തിൽ  "നീതിയും സംരക്ഷണയും" പുലരുന്നു എന്നാണ് അദ്ദേഹം കണ്ടെത്തുന്നത്. ആരെയും പേടിക്കാതെ എത്ര ചരക്കുകളും അതിന്റെ ലക്ഷ്യസ്ഥാനത് എത്തുമെന്ന് ലോകമെമ്പാടുമുള്ള വ്യാപാരികൾക്ക് നല്ല ധാരണയുണ്ടായിരുന്നുവെന്ന് പറയുന്നത് ഒരു വിദേശ സഞ്ചാരിയാണ് എന്ന് ഓർക്കണം.  കച്ചവടം ചെയ്യപ്പെട്ട മുതലുകൾക്ക് മാത്രം കരം കൊടുക്കേണ്ടുന്ന, കച്ചവടമാവാത്തവയ്ക്ക് നികുതി കൊടുക്കേണ്ടാത്ത, ലോകത്തെ വേറെയൊരു തുറമുഖത്തും കാണാത്ത ഒരു നൈതികത കോഴിക്കോട്ടെ രാജാവ് സാമൂതിരി രാജാവ് കാണിച്ചുവെന്ന് അദ്ദേഹം പറയുന്നു. വിലകൂടിയ വസ്ത്രങ്ങൾ ധരിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കച്ചവടത്തിന് വരുന്ന വിദേശ വ്യാപാരികളെപ്പറ്റിയും അബ്ദുറസാഖ് പറയുന്നു. വ്യാപാരികളെയും ചരക്കുകളെയും നിറച്ചു കോഴിക്കോട് നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെക്കു പോകുന്ന വ്യാപാരികളെ കുറിച് അദ്ദേഹം വാചാലനാകുന്നുണ്ട്.

അദ്ദേഹത്തിന്റെ പരിചയപ്പെടുത്തതിൽ , ‘വിശ്വാസം’, ‘സുരക്ഷിതത്വം,’ ‘നീതി’ എന്നീ ഗുണങ്ങൾളുടെ പേരിൽ ലോകത്തു മുഴുവൻ അറിയപ്പെട്ട ഒരു കച്ചവട നഗരിയെയാണ് നമുക്ക് കാണാൻ കഴിയുന്നത്. പിന്നെ,  അവരെപ്പറ്റി അദ്ദേഹം വളരെ പ്രത്യകമായി പറയുന്ന കാര്യമാണ് അവർ "സാഹസികരായ നാവികാരാണ്" എന്ന കാര്യം. വ്യാപാരികളെ പറ്റിതന്നെയാണ് അതും പറയുന്നത്. എത്ര റിസ്‌ക്കെടുത്തും കച്ചവടയാത്രകൾ നടത്താൻ തയ്യാറായവർ. കോഴിക്കോടിന്റെ വ്യാപാരത്തിലെ നന്മയെപ്പറ്റിയും നഗരത്തിലെ ചരക്കുകകളിലെ വൈവിധ്യത്തെപ്പറ്റിയും അദ്ദേഹം പറയുന്നു. കുറ്റുമുളകും, ഇഞ്ചിയും, നിറക്കൂട്ടുകളുണ്ടാക്കാൻ ഉപയോഗിക്കുന്ന ചെടികളും ഏലക്കായും തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കാൻ, വളരെ വിലക്കുറവിൽ ലഭ്യമായ സുഗന്ധ ദ്രവ്യങ്ങളെ ക്കുറിച്ച് റഷ്യൻ യാത്രികനായ നികിതിനും വിശദീകരിക്കുന്നുണ്ട്, പതിനഞ്ചാം നൂറ്റാണ്ടിൽ തന്നെ. 

ബത്തൂത്തയുടെയും റസാക്കിന്റെയും നികിതിന്റെയും കൂടെ,  ഇറ്റലിയിൽ നിന്ന് ഇതേ നൂറ്റാണ്ടിൽ കോഴിക്കോട് എത്തിയ സാന്റോ സ്‌റ്റെഫാനോയുടെ യാത്രാവിവരണവുമെടുത്തു നോക്കിയാൽ, നീതിപരമായും ന്യായം പുലർത്തിയും കച്ചവടം ചെയ്യുന്ന നൂറുകകണക്കിനു വ്യാപാരികളെ, എല്ലാ മതവിഭാഗങ്ങളിലുള്ളവർ, കോഴിക്കോടിന്റെ തുറമു ഖത്ത് ഉടനീളം കാണുമായിരുന്നു എന്ന് മനസിലാക്കാം. ഇനി പതിനാറാം നൂറ്റാണ്ടു നോക്കുകയാണെങ്കിൽ, കോഴിക്കോട്ടെ അതിസമ്പന്നരായ വ്യാപാരികളെക്കുറിച്ച് പോർച്ചുഗീസ് യാത്രികനായ ബാർബോസ വളരെ വിശാലമായി വിശദീകരിക്കുന്നുണ്ട്. ഇവിടെ കച്ചവടം നടത്താൻ എത്തിയ ഗുജറാത്തികളെക്കുറിച്ചും ചെട്ടിമാരെക്കുറിച്ചും, ബംഗാളികളെക്കുറിച്ചും   വിശദീകരിക്കുന്നുണ്ട് ബാർബോസ. നീതിയുക്തമായി വ്യാപാരം ചെയ്യാൻ കോഴിക്കോട്ടുകാർക്കുണ്ടായിരുന്ന മനസ്സ് ഈ തുറമുഖത്തേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കച്ചവടക്കാരെ ആകർഷിക്കുന്നു എന്ന് ബാർബോസയിൽ നിന്ന് മനസ്സിലാകുന്നു. 

ബാർബോസയ്ക്കു ശേഷവും കോഴിക്കോട് നിരവധി യാത്രികർ വന്നിട്ടുണ്ട്. വർത്തെമയും ഹാമിൽട്ടണും ഒക്കെ അതിൽപെടുന്നവരാണ്. നമ്മുടെ മുന്നിലുള്ള യാത്രാവിവരണങ്ങളിൽ ഏറ്റവും അധികം ഊന്നിപ്പറയപ്പെടുന്ന കാര്യം ,മേൽസൂചിപ്പിച്ച ‘നീതി’, ‘ന്യായം,’ ‘സുരക്ഷിതത്വം’ എന്നീ ഗുണങ്ങളുള്ള കച്ചവടക്കാരായിരുന്നു കോഴിക്കോടുണ്ടായിരുന്നത് എന്നുള്ള ഒരു വസ്തുതതയാണ്. ഈ ഗുണങ്ങളെ അവിടെയുയുള്ളവരും പുറത്തുനിന്നു വന്നവരും വളരെ നല്ല നിലയിൽ മുന്നോട്ട് കൊണ്ടുപോയി എന്നും കാണാൻ പറ്റും. അത് കൊണ്ടുതന്നെയാണ് കോഴിക്കോട് ഉൾപ്പെടെയുള്ള വ്യാപാരകേന്ദ്രങ്ങ ളുള്ള മലബാറിനെ ‘സമാധാനത്തിന്റെ നാട്’ എന്നും, ‘വിശ്വസ്തതയുടെ നാട്’ എന്നും സൈനുദ്ധീൻ മഖ്ദൂം, ഖാദി മുഹിയുദ്ധീൻ തുടങ്ങിയ പണ്ഡിതർ രേഖപ്പെടുത്തിയത്. കച്ചവടത്തിൽ വ്യാപാരികൾ കാണിക്കേണ്ട മര്യാദകളെപ്പറ്റി, പാലിക്കേണ്ട സൂക്ഷമതകളെപ്പറ്റി, ഉപഭോക്താവിനോട് കാണിക്കേണ്ട സത്യസന്ധതയെപ്പറ്റി, അവനെ ബഹുമാനിക്കുന്നതിനെക്കുറിച്ചു,  മര്യാദകളെപ്പറ്റി, അളവിലും തൂക്കത്തിലും പാലിക്കേണ്ട കൃത്യതയെപ്പറ്റി, വ്യാജമായ കച്ചവടത്തെപ്പറ്റി, സാധനങ്ങളുടെ ഗുണനിലവാരങ്ങളെക്കുറിച്ചു, ഉപഭോക്താവിന്റെ സംതൃപ്തിയെപ്പറ്റി, അവരുടെ വിശ്വാസമാർജ്ജിക്കേണ്ടതിനെക്കുറിച്ചു പതിനാറാം നൂറ്റാണ്ടിൽ ഇവർ എഴുതിയതും നമ്മുടെ മുന്നിലുണ്ട്. 

മുസ്ളിമും, ക്രിസ്ത്യാനിയും ജൂതനും വ്യാപാരാവശ്യങ്ങൾക്കായി ഒന്നിച്ചു യാത്ര ചെയ്യുന്ന കപ്പലുകളെക്കുറിച്ചു നമ്മുടെ മുന്നിൽ രേഖകളുണ്ട്. അതായത് ലോക വ്യാപാര രംഗത് സാമ്രാജ്യത്വം ശക്തമാവുന്നതിനു മുൻപ് ഏറ്റവും ശക്തമായ സ്വാധീനം ചെലുത്തിയവർ മാത്രമായിരുന്നില്ല കോഴിക്കോട്ടെ വ്യാപാരികൾ, മറിച്ചു 'വിശ്വാസം' (Trust) എന്നത് കച്ചവടത്തിന്റെ ഏറ്റവും മൗലികമായ ഒരു കാര്യമാണെന്ന് മറ്റുള്ളവർക്ക് കാണിച്ചുകൊടുത്തവരും കൂടിയാണ്. അത് കച്ചവടക്കാർ പരസ്പരമുള്ള വിശ്വാസവും കച്ചവടക്കാരും ഉപഭോക്താക്കളും തമ്മിലുള്ള വിശ്വാസവും മുൻനിർത്തി യുള്ളതായിരുന്നു. ഇന്ത്യ സമുദ്രത്തിൽ ഒരു ‘മലബാർ വേ ഓഫ് കൊമേഴ്‌സ്’ തന്നെയുണ്ടായിരുന്നു എന്ന് പറയുന്നതിൽ ചരിത്രപരമായി ഒരു തെറ്റുമില്ല എന്ന് വേണമെങ്കിൽ പറയാം. അങ്ങിനെയാണ് ആരുടെയും പ്രത്യേകിച്ചുള്ള മോട്ടിവേഷൻ ക്‌ളാസ്സുകളൊന്നുമില്ലാതെ പതിനാറാം നൂറ്റാണ്ടിലെ മഹാവ്യാപാരികളായ വലിയ ഹസനൊക്കെ ഈ പ്രദേശത്തുണ്ടാവുന്നതു.  അങ്ങിനെയാണ് പതിനെട്ടാം നൂറ്റാണ്ടിൽ ലണ്ടനിലും, ആംസ്റ്റർഡാമിലും, പാരീസിലും, ഒക്കെ തന്റെ നൂറുകണക്കിന് ചെറുതും വലുതുമായ കപ്പലുകളുമായി വ്യാപാര ബന്ധങ്ങൾ സ്ഥാപിച്ച  ചൊവ്വക്കാരൻ മൂസ കച്ചവടം നടത്തി മഹാ സമ്പന്നനാവുന്നത്. 

അതിന് കോഴിക്കോട് വലിയ പങ്കു വഹിച്ചിട്ടുണ്ട് എന്ന് കാണാൻ കഴിയും. അന്ന് ഫോർബ്‌സ് മാസികയുണ്ടണ്ടായിരുന്നെങ്കിൽ, ഏഷ്യയിൽ നിന്നുള്ള പേരുകളിൽ ഒന്ന് ഉറപ്പായും ചൊവ്വക്കാരൻ മൂസയുടേതായിരിക്കുമായിരുന്നു എന്നറിയുമ്പോഴാണ് അദ്ദേഹത്തിന്റെ ആസ്തിയെ പറ്റിയുള്ള ഒരു ഏകദേശം രൂപം നമുക്ക് കിട്ടുക.  അവരുടെ ചരക്കുകൾ മേന്മയുള്ളതായിരുന്നു. ഉപഭോൿതാക്കളോടു തങ്ങൾക്ക് ബാധ്യതയുണ്ട് എന്നവർക്ക് അറിയാമായിരുന്നു. മാത്രമല്ല അവർ നിരന്തരം സ്വയം മോട്ടിവേഷൻ ചെയ്തവരായിരുന്നു. ഈ ലെഗസിയൊക്കെ സൂക്ഷിക്കുന്ന, കച്ചവടത്തിലും മറ്റും ഇപ്പോഴും വലിയൊരളവിൽ നീതിബോധവും ന്യായ വിചാരങ്ങളും സൂക്ഷിക്കുന്ന, ഇന്ത്യയിലെ വൻകിട വ്യാപാരികൾ ഇപ്പോഴും ജീവിക്കുന്ന നഗരമാണ് കോഴിക്കോട്. അവിടെയുള്ള  വ്യാപാരികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് വേണമെന്നു തോന്നിയവർ ആരാണാവോ, അതും തെറിക്ക് മിനുട്ട് വെച്ച് ചാർജ് ചെയ്യുന്ന ഒരാളെ വച്ച്? നീതിയും ന്യായവും കുറ്റബോധവും വ്യാപാരത്തിൽ വേണ്ട എന്ന് വിശ്വസിക്കുന്ന ഒരാളെവെച്ച്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios