മലപ്പുറം പോരൂരിലെ അരിപ്പന്‍ കുന്നില്‍ മധ്യകാലത്തേതെന്ന് കരുതുന്ന ഇരുമ്പയിര് ഖനന കേന്ദ്രം കണ്ടെത്തി. ആദ്യ ചേര രാജാക്കന്മാര്‍ മുതല്‍ ബ്രിട്ടീഷ് ഭരണ കാലം വരെ മധ്യ കേരളത്തില്‍ നിന്ന് ഇരുമ്പ് കയറ്റി അയച്ചിരുന്നതായി ചരിത്ര രേഖകള്‍.
മലപ്പുറം: പോരൂര്‍ പഞ്ചായത്തിലെ 16-ാം വാര്‍ഡിലെ ആലിക്കോടിന് സമീപമുള്ള അരിപ്പന്‍ കുന്നില്‍ മധ്യകാലത്തേതെന്ന് കരുതുന്ന ഇരുമ്പയിര് ഖനന കേന്ദ്രം കണ്ടെത്തി. ആദ്യ ചേര രാജാക്കന്മാര്‍ മുതല്‍ ബ്രിട്ടീഷ് ഭരണ കാലം വരെ മധ്യ കേരളത്തില്‍ നിന്ന് ഇരുമ്പ് കയറ്റി അയച്ചിരുന്നതായി ചരിത്ര രേഖകള്‍ പറയുന്നു.
പ്ലീനി, ടോളമി മുതലായ സഞ്ചാരികള്‍ക്കു പുറമെ സംഘകാല സാഹിത്യത്തിലും വില്യം ലോഗന്റെ മലബാര്‍ മാന്വലിലും ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. മലബാറിലെ ഇരുമ്പിന് റോമിലും ഗ്രീക്കിലും അറേബ്യന്‍ രാജ്യങ്ങളിലും വളരെ ഏറെ ഡിമാന്‍ഡ് ഉണ്ടായിരുന്നതായി ചരിത്ര രേഖകള്‍ പറയുന്നു.
ഇരുമ്പയിര് പ്രത്യേകതരം ചൂളയില്‍ ഉരുക്കി ബ്ലേഡായി അടിച്ചു പരത്തിയാണ് കയറ്റി അയച്ചിരുന്നത്. പൊന്നാനി തുറമുഖത്തുനിന്ന് മധ്യകാലത്തു കയറ്റി അയച്ചിരുന്ന പ്രധാന ഉല്‍പന്നം ഇരുമ്പ് ആയിരുന്നു എന്ന് പ്രാചീന തുറമുഖ രേഖകളിലുണ്ട്. ചരിത്രകാരനും ഡോക്യുമെന്ററി സംവിധായകനുമായ പി ടി സന്തോഷ് കുമാറും പ്രദേശവാസിയായ ബാപ്പു ഭാരതീയനുമാണ് ചരിത്ര പ്രാധാന്യമുള്ള ഈ ഗുഹ കണ്ടെത്തിയത്. ഇത്തരത്തില്‍ പത്തിലധികം ഖനി പ്രദേശങ്ങള്‍ ഈ കുന്നിലുണ്ടെന്ന് ഇവര്‍ പറഞ്ഞു.


