ഇരിക്കൂര്‍: ഭൂമി താഴ്ന്ന് ഗര്‍ത്തത്തിലേക്ക് പതിച്ച വീട്ടമ്മ പൊങ്ങിയത് അയല്‍വാസിയുടെ കിണറ്റില്‍. കണ്ണൂര്‍ ഇരിക്കൂറിലാണ് ഞെട്ടിക്കുന്ന സംഭവം. തുണി അലക്കുന്നതിനിടയിലാണ് വീട്ടമ്മ ഭൂമി താഴ്ന്ന് ഗര്‍ത്തത്തിലേക്ക് പതിച്ചത്. ഇന്നലെ ഉച്ചയോടെ വീടിന് പിന്നില്‍ തുണി അലക്കുകയായിരുന്നു ആയിപ്പുഴ സ്വദേശി ഉമൈബ. 

പെട്ടെന്ന്  ഉമൈബ ഭൂമിക്കടിയിലേക്ക് താണു. കുറച്ച് നേരം കഴിഞ്ഞ് പത്ത് മീറ്റർ അകലെയുള്ള അയൽവാസിയുടെ കിണറിൽ നിന്ന് നിലവിളി. ഓടിക്കൂടിയ നാട്ടുകാരും വീട്ടുകാരും നോക്കുമ്പോൾ കാണുന്നത് അയല്‍വാസിയുടെ കിണറില്‍ കിടന്ന് ഉമൈബ ജീവന് വേണ്ടി അലമുറയിടുന്നതാണ്.  ഫയർഫോഴ്സെത്തി വീട്ടമ്മയെ പുറത്തെത്തിച്ചു. ഉമൈബയ്ക്ക് വലിയ പരിക്കുകളൊന്നുമില്ലെന്നതാണ് ആശ്വാസം. 

ഇരുമ്പ് കമ്പി കൊണ്ട് മറച്ച കിണറ്റിൽ ഉമൈബ എങ്ങനെ വീണുവെന്ന് അന്വേഷിച്ചപ്പോഴാണ് അലക്ക് കല്ലിന്‍റെ ഭാഗത്തെ ഗർത്തം കണ്ണിൽ പെട്ടത്. ഇത് വഴിയുള്ള തുരങ്കത്തിലൂടെയാണ് ഉമൈബ കിണറ്റിലെത്തിയത്. അമ്പരപ്പും ആശ്വാസവും ഒന്നിച്ചുണ്ടായ ഈ വീഴ്ചയാണ് നാട്ടിലെ ഇപ്പഴത്തെ പ്രധാന ചർച്ച