ചാവക്കാട് സ്വദേശി ശ്വേത ബാബു, ഭര്‍ത്താവ് കൃഷ്ണരാജ് എന്നിവര്‍ക്കാണ് എറണാകുളം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
കൊച്ചി: കൊച്ചിയില്‍ പ്രമുഖ ഐടി വ്യവസായിയില്‍ നിന്ന് ഹണി ട്രാപ്പിലൂടെ മുപ്പത് കോടി രൂപ തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികളായ ദമ്പതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ചാവക്കാട് സ്വദേശിക്കും ഭര്‍ത്താവിനും ഉപാധികളോടെ എറണാകുളം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന വകുപ്പാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയത്. അമ്പതിനായിരം രൂപ വ്യവസായിയില്‍ നിന്ന് വാങ്ങിയെന്നും 10 കോടി രൂപയുടെ രണ്ട് ചെക്കുകള്‍ ദമ്പതികള്‍ കൈപ്പറ്റിയെന്നും പൊലീസ് കോടതിയില്‍ അറിയിച്ചു. വ്യവസായിയുമായി അടുപ്പം സ്ഥാപിച്ച ശേഷം വാട്സാപ്പ് ചാറ്റുകളടക്കം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നായിരുന്നു കേസ്. അന്വേഷണവുമായി സഹകരിക്കണമെന്നതടക്കം ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഇവരുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
രഹസ്യമായി നടത്തിയ ചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഐടി വ്യവസായിയില്‍ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തിയത്. 30 കോടി രൂപയാണ് പ്രതികൾ വ്യവസായിയോട് ആവശ്യപ്പെട്ടത്. വ്യവസായി 50,000 രൂപ പണമായി കൈമാറി. തുടര്‍ന്ന് 10 കോടിയുടെ രണ്ട് ചെക്കുകൾ വീതം നൽകി. ബാക്കി 10 കോടി ബാങ്ക് വഴി അയക്കാമെന്നും പറഞ്ഞു. തുടര്‍ന്നാണ് വ്യവസായി പൊലീസിൽ പരാതി നൽകിയത്. ഇന്നലെയാണ് ശ്വേതയുടെയും ഭർത്താവിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്.


