ആധുനിക ചികിത്സാ സൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും തീരെ അവശയായ കുതിരയ്ക്ക് ജില്ലാ മൃഗാശുപത്രിയിലെ അധികൃതർ ചികിൽസ നിഷേധിക്കുകയാണെന്നാണ് യുവാവിന്റെ പരാതി.
കൊല്ലം: തന്റെ വളർത്തുമൃഗമായ കുതിരയ്ക്ക് (Horse) മതിയായ ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് കൊല്ലം ജില്ലാ മൃഗാശുപത്രിയ്ക്ക് (kollam District Veterinary Hospital) മുന്നിൽ വേറിട്ട പ്രതിഷേധവുമായി യുവാവ്. കായംകുളം സ്വദേശിയായ മിഥിലാജാണ് താൻ മകളെ പോലെ സ്നേഹിക്കുന്ന കുതിരയുമായി കൊല്ലം ജില്ലാ മൃഗാശുപത്രിക്ക് മുന്നിൽ ഇന്നലെ വൈകിട്ട് മുതൽ നിൽക്കുന്നത്. ആധുനിക ചികിത്സാ സൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും തീരെ അവശയായ കുതിരയ്ക്ക് ജില്ലാ മൃഗാശുപത്രിയിലെ അധികൃതർ ചികിൽസ നിഷേധിക്കുകയാണെന്നാണ് യുവാവിന്റെ പരാതി. ഏറെ പ്രിയപ്പെട്ട മകളെ പോലെ സ്നേഹിക്കുന്ന തന്റെ കുതിരയുമായി ഇന്നലെയാണ് കായംകുളത്തുകാരൻ ആശുപത്രിയിൽ എത്തിയത്.
പക്ഷേ ആശുപത്രിയിലെത്തി ഇത്ര നേരം കഴിഞ്ഞിട്ടും കുതിരയുടെ ജീവൻ രക്ഷിക്കാൻ ഒരു ഇടപെടലും ഉണ്ടാകുന്നില്ലെന്നാണ് മിഥിലാജിന്റെ പരാതി. ശസ്ത്രക്രിയ വേണ്ടി വരുമെന്ന് പറഞ്ഞെങ്കിലും ആശുപത്രിയിലുള്ള രണ്ടു സർജൻമാരും ഇതിന് തയാറാകുന്നില്ലെന്നും മിഥിലാജ് ആരോപിക്കുന്നു. കുതിരയ്ക്ക് പ്രാഥമികമായ ചികിൽസകൾ നൽകിയിട്ടുണ്ടെന്ന് പറഞ്ഞ ആശുപത്രി അധികൃതർ മറ്റ് ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. കുതിരയ്ക്ക് ചികിൽസ കിട്ടും വരെ ആശുപത്രിയിൽ തുടരാനുള്ള തീരുമാനത്തിലാണ് മിഥിലാജ്.
