ആലപ്പുഴ: താലൂക്കാശുപത്രിയില്‍ നിശ്ചയിച്ചിരുന്ന പോസ്റ്റ്‌മോര്‍ട്ടം നടത്തിയില്ല. ഇതെ തുടര്‍ന്ന് മൃതദേഹത്തോടുള്ള അനാദരവാണെന്നു കാട്ടി ആശുപത്രി അധികൃതര്‍ക്കെതിരെ യുവജന സംഘടനകളടക്കം രംഗത്തുവന്നതോടെ സംഘര്‍ഷാവസ്ഥയുടെ വക്കിലെത്തി. തണ്ണീര്‍മുക്കം വാരണം പോത്തം വെളി ഷാജിയുടെ മകള്‍ ആതിര (22) യുടെ മൃതദേഹമാണ് ഞായറാഴ്ച വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. 

ആതിരയെ വെള്ളിയാഴ്ച രാത്രിയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച കൊവിഡ് പരിശോധനയും പൊലീസ് നടപടികളും പൂര്‍ത്തിയായിട്ടും പോസ്റ്റുമോര്‍ട്ടം നടക്കാതെ വന്നതാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്. സമൂഹമാധ്യമങ്ങളിലടക്കം ആശുപത്രി അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്.

ശനിയാഴ്ച പൊലീസ് നടപടി നാലു മണിക്ക് മുമ്പ് പൂര്‍ത്തിയാകാത്തതിനാല്‍ പകല്‍ വെളിച്ചത്തില്‍ നടക്കേണ്ട പോസ്റ്റുമോര്‍ട്ടം ഞായറാഴ്ചത്തേക്കു മാറ്റിയത്. എന്നാല്‍ ഞായറാഴ്ച രാവിലെ 22 വയസ്സിന്റ സാങ്കേതിക കുരുക്കില്‍ പോസ്റ്റുമോര്‍ട്ടം താലൂക്കാശുപത്രിയില്‍ നടക്കില്ലെന്ന നിലപാടാണ് അധികൃതരെടുത്തത്.

ഇതെ തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി മെഡിക്കല്‍ കോളേജിലേക്കു മാറ്റി. ഉച്ചയോടെ പൊലീസ് സര്‍ജന്റെ സന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബസുകള്‍ക്കു വിട്ടുകൊടുത്തു. ആശുപത്രി അധികൃതര്‍ക്കെതിരെ പരാതിയുയര്‍ത്തിയതിനെ തുടര്‍ന്നാണ് പോസ്റ്റുമോര്‍ട്ടം ചേര്‍ത്തലയില്‍ നടത്താതിരുന്നതെന്ന വിമര്‍ശമാണ് ഉയര്‍ന്നത്. ഞായറാഴ്ച ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് കിട്ടിയ ശേഷമാണ് ഇത്തരം നിര്‍ദ്ദേശം നല്‍കിയത്. നിയമപരമായ നടപടികള്‍ മാത്രമാണ് സ്വീകരിച്ചതെന്നും അധികൃതര്‍ പറഞ്ഞു.